പുറത്തെരുവത്ത് പെരുങ്കളിയാട്ടം: കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു

കുഞ്ഞിമംഗലം: പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിനു ശേഷം ഡിസംബർ 23 മുതൽ 26 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു. തമ്പുരാട്ടിയുടെ പന്തൽ മംഗലം നടക്കുന്ന ചെലവിലേക്ക് കളിയാട്ട നടത്തിപ്പുകാരായ കോയ്മമാർക്ക് മൂലഭണ്ഡാരം ഏൽപ്പിക്കുന്ന ചടങ്ങാണ് കളിയാട്ടം ഏൽപ്പിക്കൽ. ക്ഷേത്രം അടിയന്തിരത്തിൽ തിരുനടയിൽ അരങ്ങിലിറങ്ങി തിരുവായുധം ഏന്തിനിൽക്കുന്ന തമ്പുരാട്ടിയുടെ പ്രതിപുരുഷന്റെ കൈകളിലേക്ക് അന്തിത്തിരിയൻ മൂലഭണ്ഡാരം നൽകി. തുടർന്ന് തമ്പുരാട്ടി ക്ഷേത്രം കോയ്മമാരെ ദേവസാന്നിധ്യത്തിൽ താൻ ഇത് പൊലിപ്പിച്ചുതരുമെന്നു പറഞ്ഞ് ഭണ്ഡാരം ഏൽപ്പിച്ചു. കോയ്മമാർ ഇത് ജനറൽ കൺവീനർ എം.പി.തിലകൻ, ചെയർമാൻ പി.വി.തമ്പാൻ, ഖജാൻജി കെ. ചിണ്ടൻ എന്നിവർക്ക് കൈമാറി. ചടങ്ങിൽ കോയ്മമാർ, അകമ്പടിക്കാർ, ആചാരസ്ഥാനികർ, ക്ഷേത്രം വാല്യക്കാർ, നാട്ടുകാർ എന്നിവരും സന്നിഹിതരായി. തുടർന്ന് അന്നദാനവും ഉണ്ടായി.

Leave a Reply

Top