സജിത്ത് ലാലിനെ അനുസ്മരിച്ചു

പയ്യന്നൂർ : വിദ്യാർഥികളിലും യുവതലമുറയിലും അക്രമവാസനയും ക്രിമിനലിസവും വളർത്തുന്ന തെറ്റായ നടപടികളുമായി സിപിഎം മുന്നോട്ട് പോവുകയാണെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. സജിത്‌ലാൽ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കെ.പി. സജിത്‌ലാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലും കോളജുകളിലും സഹിഷ്ണുതയില്ലാതെ പ്രവർത്തിക്കുന്ന എസ്എഫ്ഐക്കാരും ക്യാംപസിനു പുറത്ത് ഡിവൈഎഫ്ഐക്കാരും കാണിക്കുന്ന സംസ്കാരം സിപിഎം നേതൃത്വത്തിന്റെ ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണ്. പെൺകുട്ടികളെപ്പോലും ക്രിമിനൽ സംസ്കാരത്തിലേക്ക് എത്തിച്ചുകൊണ്ട് അക്രമത്തിനു നേതൃത്വം നൽകാൻ എസ്എഫ്ഐ ഉപയോഗിക്കുന്നു എന്നുള്ളതു ഭീതിയോടെ മാത്രമേ പൊതു സമൂഹത്തിനു നോക്കിക്കാണാൻ സാധിക്കുകയുള്ളുവെന്നും പാച്ചേനി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കെ.ജയരാജ് അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, എം.നാരായണൻകുട്ടി, എം.പി.ഉണ്ണിക്കൃഷ്ണൻ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽറഷീദ്, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, എം.കെ.രാജൻ, എ.പി.നാരായണൻ, കെ.ബ്രിജേഷ് കുമാർ, കെ.കെ.ഫൽഗുനൻ, സതീശൻ കാർത്തികപ്പള്ളി, വി.സി.നാരായണൻ, ഇ.പി.ശ്യാമള, പി.പി.ദാമോദരൻ, ഇ.പി.അർജുൻ, എം.പ്രഭാകരൻ, രമേഷ് കോറോം എന്നിവർ പ്രസംഗിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.

ഭക്ഷണവിതരണം നടത്തി

പയ്യന്നൂർ ∙ യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സജിത്‌ലാൽ അനുസ്മരണ ഭാഗമായി പയ്യന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഭക്ഷണവിതരണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. അതുൽ ബി.കൃഷ്ണ അധ്യക്ഷനായി. വി.പി.അബ്ദുൽ റഷീദ്, ഡി.കെ.ഗോപിനാഥ്, സുനീഷ് പട്ടുവം, ടി.പി.ശ്രീനേഷ്, കാസിം എട്ടിക്കുളം, ദിബിൻ നായർ, രജീഷ് പെരിങ്ങോം, ഗോകുൽ ഗോപി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top