പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ജൂൺ 29നു നാടിനു സമർപ്പിക്കും

പയ്യന്നൂർ : പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കി ജൂൺ 29നു നാടിനു സമർപ്പിക്കും. സി.കൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പണം നിർവഹിക്കും. 90ലക്ഷം രൂപ ചെലവിലാണ് പുരാവസ്തു വകുപ്പ് പയ്യന്നൂരിന്റെ സ്വാതന്ത്ര്യസമര ചരിത്ര സ്മാരകമായ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം നഷ്ടപ്പെട്ട പ്രൗഢി വീണ്ടെടുത്തു സമർപ്പിക്കുന്നത്.

എട്ടുകെട്ട് മാതൃകയിൽ അഞ്ച് ജയിലറകൾ ഉള്ള കെട്ടിടം 1910ലായിരുന്നു നിർമിച്ചത്. 2008ൽ ഈ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന നടപടി തുടങ്ങിയെങ്കിലും ഏറ്റെടുക്കൽ അനന്തമായി നീളുകയായിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയായതോടെയാണ് കെട്ടിട സംരക്ഷണത്തിന് പുരാവസ്തു വകുപ്പ് നടപടി തുടങ്ങിയത്. ഇതേത്തുടർന്നാണ് കെട്ടിടത്തിന് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് റജിസ്ട്രാർ ഓഫിസ് മാറ്റുന്നതോടെ മ്യൂസിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Top