ദേശീയ ചലച്ചിത്രോത്സവം നാളെ മുതൽ പയ്യന്നൂരിൽ

പയ്യന്നൂർ : കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവം നാളെ മുതൽ 13 വരെ പയ്യന്നൂരിൽ നടക്കും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ഫോട്ടോ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 28 ഇന്ത്യൻ സിനിമകളാണ് പ്രദർശിപ്പിക്കുക. രാജധാനി തിയറ്ററിലെ രാജധാനി സിനിമ, രാജധാനി മിനി കോംപ്ലക്സ് എന്നീ വേദികളിൽ രാവിലെ 10, ഉച്ചയ്ക്ക് രണ്ട്, വൈകിട്ട് ആറ്, രാത്രി 8.15 എന്നീ സമയങ്ങളിലായാണ് പ്രദർശനം.

സഞ്ചരിക്കുന്ന ടാക്കീസുകളെക്കുറിച്ചുള്ള സിനിമ ട്രാവലേഴ്സ്, രവി ജാധവ് സംവിധാനം ചെയ്ത മറാത്തി ചിത്രം ന്യൂഡ്, അലംകൃത ശ്രീവാസ്തവയുടെ ഹിന്ദി ചിത്രം ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, അതാനുഘോഷിന്റെ ബംഗാളി ചിത്രം മയൂരാക്ഷി, റിമാദാസിന്റെ അസാമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാർസ്, ഗിരീഷ് കാസറവള്ളിയുടെ കന്നട ചിത്രം കൂർമാവതാര, ദേവാശിഷി മഹിജയുടെ ഹിന്ദി ചിത്രം അജജി, കന്നട ചിത്രങ്ങളായ തിഥി, റെയിൽവേ ചിൽഡ്രൻ, മൂകനായക തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങൾ.

സംസ്ഥാന അവാർഡ് നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈമയൗ, സുരഭിലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പരുസ്കാരം നേടിക്കൊടുത്ത അനിൽ തോമസിന്റെ മിന്നാമിനുങ്ങ്, സഞ്ജു സുരേന്ദ്രന്റെ ഏദൻ, ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ആളൊരുക്കം, ഗിരീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും, പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ടേക്ക് ഓഫ് എന്നിവയാണ് മലയാള വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

നാളെ രാവിലെ 10ന് പ്രദർശനം തുടങ്ങും. രാത്രി 8.15ന് സിനിമ ട്രാവലേഴ്സ് എന്ന ചിത്രം ഉദ്ഘാടന ചിത്രമായി രണ്ട് ടാക്കീസുകളിലും ഒരേസമയം പ്രദർശിപ്പിക്കും. 200 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾക്ക് 100 രൂപ. പ്രദർശനം തുടങ്ങിയ ശേഷവും റജിസ്ട്രേഷൻ സൗകര്യമുണ്ടാകും. ആയിരം പേർക്ക് സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംവിധായകരും സിനിമ പ്രവർത്തകരും പങ്കെടുക്കുന്ന ഓപ്പൺ‌ ഫോറം തിയറ്ററിനു മുന്നിലെ ഓഡിറ്റോറിയത്തിൽ ദിവസവും ഉണ്ടാകുമെന്നും സംഘാടക സമിതി ഭാരവാഹികളായ ടി.ഐ.മധുസൂദനൻ, ശശി വട്ടക്കൊവ്വൽ, പ്രദീപ് ചൊക്ലി, എച്ച്.ഷാജി, എ.വി.രഞ്ജിത്ത് എന്നിവർ അറിയിച്ചു.

 

 

Leave a Reply

Top