പയ്യന്നൂർ കോൺഗ്രസ് സമ്മേളന ജൂബിലിക്കു തുടക്കം

പയ്യന്നൂർ : 1928ൽ പയ്യന്നൂരിൽ നടന്ന നാലാം അഖിലകേരള കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഓർമ പുതുക്കി 90ാം വാർഷികാഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കം. ആഘോഷ പരിപാടികൾക്ക് തുടക്കമിട്ട് കാഞ്ഞങ്ങാട്ട് നിന്നു കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും കണ്ണൂരിൽ നിന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള നെഹ്റു ഛായാചിത്ര പ്രയാണവും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു.

കേരളീയ വേഷമണിഞ്ഞ 90 വനിതകൾ ത്രിവർണ പതാകയുമേന്തി പതാക – നെഹ്റു ഛായാചിത്ര പ്രയാണജാഥകളെ ഗാന്ധിപാർക്കിലേക്ക് ആനയിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ യാത്രയിൽ പങ്കെടുത്തു. കണ്ണൂരിൽ നിന്നു പുറപ്പെട്ട ഛായാചിത്ര യാത്ര കെ.സി.ജോസഫ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. ഗാന്ധിപാർക്കിൽ സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ടപ്പൊതുവാൾ കോൺഗ്രസ് പതാക ഉയർത്തി. സമ്മേളനം കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.

കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റുമാരായ സതീശൻ പാച്ചേനി, ഹക്കീം കുന്നിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണൻ, വി.എൻ.രാമകൃഷ്ണൻ, വി.എ.നാരായണൻ, സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഡി.മുസ്തഫ, എം.പി.ഉണ്ണിക്കൃഷ്ണൻ, എം.നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Top