കനിമധുരം പദ്ധതിയുടെ അഞ്ചാം വർഷ ഉദ്ഘാടനം

പയ്യന്നൂർ ∙ സി.കൃഷ്ണൻ എംഎൽഎ പയ്യന്നൂർ മണ്ഡലത്തിൽ നടത്തിവരുന്ന കനിമധുരം പദ്ധതിയുടെ അഞ്ചാം വർഷ ഉദ്ഘാടനം മെയ് 28നു നാലിന് കണ്ടോത്ത് എഎൽപി സ്കൂളിൽ പി.കെ.ശ്രീമതി എംപി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു കാർഷിക സെമിനാർ നടക്കും. അഞ്ചാം വർഷം മണ്ഡലത്തിൽ വിതരണം ചെയ്യാൻ മൂന്ന് ലക്ഷം തൈകളാണ് തയാറാക്കിയിട്ടുള്ളത്. മാവ്, പ്ലാവ്, ചാമ്പ, പേര, സപ്പോട്ട, മുരിങ്ങ, സീതാപ്പഴം, നെല്ലി തുടങ്ങിയ ഫലവൃക്ഷത്തൈകളും ഔഷധ തൈകളും മറ്റ് തൈകളുമാണ് തയാറാക്കിയിട്ടുള്ളത്. മണ്ഡലം പരിധിയിലെ ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും ചേർന്നു തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി നഴ്സറികൾ തയാറാക്കി.

2,20,000 തൈകൾ തയാറാക്കിയിട്ടുണ്ട്. അവ അതത് പഞ്ചായത്തുകളിൽ തന്നെ വിതരണം ചെയ്യും. മണ്ഡല പരിധിയിലെ വീടുകൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചു ചെടികൾ നട്ടു സംരക്ഷിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. സോഷ്യൽഫോറസ്ട്രി കനിമധുരം പദ്ധതിക്കായി കണ്ടോത്ത് പ്രത്യേക നഴ്സറി തയാറാക്കി 80,000 തൈകൾ വിതരണത്തിന് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷങ്ങളിൽ 3.21 ലക്ഷം തൈകൾ ഉൽപാദിപ്പിച്ചു വിതരണം ചെയ്തിരുന്നു. സംസ്ഥാനത്ത് കനിമധുരം പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതു പയ്യന്നൂരിൽ മാത്രമാണെന്ന് സി.കൃഷ്ണൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, സെക്രട്ടറി പി.നാരായണൻ, കെ.വി.ലക്ഷ്മണൻ നായർ, പി.നാരായണൻ എന്നിവർ അറിയിച്ചു.

 

Leave a Reply

Top