കോൺഗ്രസ് സമ്മേളന വാർഷികാഘോഷം

പയ്യന്നൂർ∙: ജവാഹർ ലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ 90ാം വാർഷികാഘോഷം മെയ് 28നു പയ്യന്നൂരിൽ നടക്കും. വൈകിട്ട് അഞ്ചിനു ഗാന്ധി പാർക്കിൽ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാവിലെ 10നു കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന ഛായാചിത്ര പ്രയാണം കെ.സി.ജോസഫ് എംഎൽഎ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യും. കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ നയിക്കുന്ന പതാകജാഥ 10നു കാഞ്ഞങ്ങാട്ട് വി.ഡി.സതീശനും ഉദ്ഘാടനം ചെയ്യും.

രണ്ടു യാത്രകൾക്കും 90വീതം ബൈക്കുകൾ അകമ്പടിയുണ്ടാകും. പെരുമ്പയിൽ 90 യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്കുകളുമായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആനയിക്കും. തുടർന്നു 90 വനിതകൾ കോൺഗ്രസ് പതാകയേന്തി യാത്രകളെ ഗാന്ധിപാർക്കിലേക്കു സ്വീകരിക്കും. ഇവിടെ സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ പതാക ഉയർത്തും. ഇന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ഗൃഹസന്ദർശനം നടക്കും. നാളെ നെഹ്റു അനുസ്മരണം നടക്കുമെന്നു കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, എം.നാരായണൻകുട്ടി, എം.പി.ഉണ്ണിക്കൃഷ്ണൻ, എം.കെ.രാജൻ, ഡി.കെ.ഗോപിനാഥ് എന്നിവർ അറിയിച്ചു.

Leave a Reply

Top