ജില്ലയിൽ 72 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ

കണ്ണൂർ : ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 72 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം. വൈഫൈ ഹോട്ട് സ്പോട്ടുകളുടെ പരിധിയിൽ പൊതുജനത്തിനു ദിവസവും 300 എംബി ഡേറ്റാ വരെ ഉപയോഗിക്കാനാകും. ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീച്ചാർജ് കൂപ്പൺ– വൗച്ചർ ഉപയോഗിച്ചു വൈ ഫൈ സേവനം തുടർന്നും ഉപയോഗിക്കാം. 300 എംബി ഡേറ്റാ കഴിഞ്ഞാലും സർക്കാർസേവനങ്ങൾ പരിധിയില്ലാതെ ലഭിക്കും.

ഓരോ കേന്ദ്രത്തിലും രണ്ട് വൈഫൈ ആക്സസ് പോയിന്റുകളും പത്ത് എംബി ബാൻഡ് വിഡ്തുമാണുള്ളത്. ഉപയോഗം വിലയിരുത്തിയ ശേഷം ഇതിൽ പിന്നീട് വർധന വരുത്തും. ഒരേസമയം രണ്ട് ഹോട്ട് സ്പോട്ടിൽ നിന്നു നൂറുപേർക്ക് ഉപയോഗിക്കാനാകും. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും. അടുത്ത ഘട്ടത്തിൽ ജില്ലയിൽ 59 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മിഷൻ കോ–ഓർഡിനേറ്റർ ‌ബി.മനോജ് അറിയിച്ചു.

വൈഫൈ ലഭ്യമാകുന്ന സ്ഥലങ്ങളിൽ കരിവെള്ളൂർ ടൗൺ, ഓണക്കുന്ന് പഞ്ചായത്ത് ഓഫിസ് പരിസരം, രാമന്തളി വില്ലേജ് ഓഫിസ് പരിസരം, പെരിങ്ങോം പഞ്ചായത്ത് പരിസരം, മാത്തിൽ പഞ്ചായത്ത് പരിസരം, മാതമംഗലം പഞ്ചായത്ത് പരിസരം, പയ്യന്നൂർ നഗരസഭ ഓഫിസ്, പരിയാരം മെഡിക്കൽ കോളജ്, പയ്യന്നൂർ മിനി സിവിൽസ്റ്റേഷൻ എന്നിവയും ഉൾപ്പെടും.

Leave a Reply

Top