ക്ഷേത്രകലാ അവാർഡുകൾ വിതരണം ചെയ‌്തു

പഴയങ്ങാടി : ക്ഷേത്രകലാ അക്കാദമിയുടെ പ്രഥമ സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾ വിതരണം ചെയ‌്തു. എരിപുരം മാടായി ബാങ്ക‌് പിസിസി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ‌്കാര വിതരണം നിർവഹിച്ചു. അന്യം നിന്നു പോകുന്ന ക്ഷേത്രകലകൾക്ക് പുനർജനി നൽകുകയാണ് ക്ഷേത്രകലാഅക്കാദമിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ‌് ഒ കെ വാസു മുഖ്യാതിഥിയായി.

പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ(ക്ഷേത്രകലാ ശ്രീ പുരസ്കാരം), കലാമണ്ഡലം ഗീതാനന്ദൻ(ഓട്ടൻതുള്ളൽ‐മരണാനന്തരം), മാണി വാസുദേവ ചാക്യാർ(ചാക്യാർകൂത്ത്), ടി കെ സുധാകരൻ(വൈജ്ഞാനിക സാഹിത്യം), കെ ജീവൻ(ലോഹ ശില്പം), ഉണ്ണികാനായി (ശിലാ ശില്പം), പ്രശാന്ത് ചെറുതാഴം(ദാരു ശില്പം), കിഴിക്കിലോട്ട് ദാമോദര മാരാർ(ചെണ്ട), പുതുമന ഗോവിന്ദൻ നമ്പൂതിരി(തിടമ്പ‌് നൃത്തം), ചന്ദ്രശേഖര മാരാർ മാനന്തവാടി(സോപാന സംഗീതം), ഹരിദാസ് ചെർപ്പുളശേരി(കളമെഴുത്ത്), രാജൻ നരിക്കോട്(ചെങ്കൽ ശില്പം)എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത‌്.

അക്കാദമിയിൽനിന്ന‌് വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക‌് ഒ വി നാരായണൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി പി ദാമോദരൻ, ഗോവിന്ദൻ കണ്ണപുരം, ചെറുതാഴം ചന്ദ്രൻ എന്നിവർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. കീച്ചേരി രാഘവൻ, ഡോ. സി എച്ച് സുരേന്ദ്രൻ നമ്പ്യാർ, രാജൻ വേലാണ്ടി, വി വി പ്രീത, എസ് കെ ആബിദ, ഡി വിമല, കെ മുരളി, ഐ വി ശിവരാമൻ, എം പി ഉണ്ണികൃഷ്ണൻ, ടി രാജേഷ്, കെ ശ്രീനിവാസൻ, സി എച്ച് ഭാസ്കരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കെ പത്മനാഭൻ സ്വാഗതവും കൃഷ്ണൻ നടുവലത്ത് നന്ദിയും പറഞ്ഞു. പിലാത്തറ ലാസ്യ കലാക്ഷേത്രയിലെ വിദ്യാർഥികളുടെ അവതരണ നൃത്തത്തോടെയാണ‌് പരിപാടി തുടങ്ങിയത‌്. അക്കാദമിയിൽനിന്ന‌് തെയ്യം‐മുഖത്തെഴുത്ത്, ചെണ്ട, ഓട്ടൻതുള്ളൽ എന്നിവ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ അരങ്ങേറ്റവും നടന്നു. പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാറും മിഥുൻ ജയരാജും നയിച്ച സംഗീത സന്ധ്യയും അരങ്ങേറി.

Leave a Reply

Top