അഡ്വ: ശശി വട്ടക്കൊവ്വലിന് സ്വീകരണം നൽകി

അബുദാബി: നാടിന്റെ ഓരോ സ്പന്ദനവും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് പ്രവാസി സമൂഹമാണെന്ന് പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ പറഞ്ഞു. നാട്ടിലെ വാർഡ് സഭകളിൽ ഉയർന്നു വരുന്നതിനേക്കാൾ ഗൗരവമായിട്ടാണ് പ്രവാസികൾ നാട്ടിലെ പ്രശ്നങ്ങളെ സമീപിക്കുന്നതെന്ന് തന്റെ ഹ്രസ്വമായ സന്ദർശനത്തനിടയിൽ ബോധ്യമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി യു എ ഇ യിൽ എത്തിയ അദ്ദേഹത്തിന് സൗഹൃദ വേദി അബുദാബി ചാപ്റ്റർ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്കിടയിൽ വളർന്നു വരുന്ന ലഹരിയുടെ സ്വാധീനത്തെക്കുറിച്ചും പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായിക്കൊണ്ടിരിയ്ക്കുന്ന വർധിച്ച സ്വീകാര്യത്തെക്കുറിച്ചും ചെയർമാൻ വിശദമായി സംസാരിച്ചു.

യു.എ.ഇ യിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ പയ്യന്നൂർ നഗരസഭാ കൗൺസിലർമാരായ എ. നസീമ ടീച്ചർ , എം.കെ ഷമീമ എന്നിവർക്കും ചടങ്ങിൽ സ്വീകരണം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക്‌ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷനായി. എം. അബ്ദുൽ സലാം ചെയർമാനെ പൊന്നാട അണിയിച്ചു. പ്രസിഡന്റ് സുരേഷ് ഉപഹാരം സമ്മാനിച്ചു

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ കരപ്പാത്ത്, ഇന്ത്യ സോഷ്യൽ സെന്റർ മാനേജിങ് കമ്മിറ്റിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബി. ജ്യോതിലാൽ , കായിക വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി.പി. രമേശ് എന്നീ സൗഹൃദ വേദി അംഗങ്ങളെ ചടങ്ങിൽ ശശി വട്ടക്കൊവ്വൽ പൊന്നാട അണിയിച്ചു

വി.പി. ശശികുമാർ , വി.ടി.വി. ദാമോദരൻ, വി.കെ. ഷാഫി, എം. അബ്ദുൽ സലാം, ടി.പി. ഗംഗാധരൻ , തുടങ്ങിയവർ സംസാരിച്ചു മുത്തലിബ്‌ പി എസ്‌ സ്വാഗതവും ജ്യോതിഷ്‌ കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Top