പൂരക്കളി അക്കാദമി ശിൽപശാല നാളെയും മറ്റന്നാളും

പയ്യന്നൂർ : കേരള പൂരക്കളി അക്കാദമി സംസ്ഥാന ശിൽപശാല നാളെയും മറ്റന്നാളും ( ഏപ്രിൽ 28 , 29 ) പയ്യന്നൂർ തെക്കേ മമ്പലം ടി.ടി.രാമൻ പണിക്കർ നഗരിയിൽ നടക്കും. നാളെ രാവിലെ 10നു പി.കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. 11 മുതൽ വിവിധ വിഷയങ്ങളിൽ പി.പി.മാധവൻ പണിക്കർ, ഡോ. സി.കെ.നാരായണ പണിക്കർ, ഡോ. ഇ.ശ്രീധരൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് പി.ദാമോദരൻ പണിക്കരും വി.പി.ദാമോദരൻ പണിക്കരും തമ്മിൽ മറത്തുകളിയും മമ്പലം ഭഗവതിക്ഷേത്രം, നെല്ലിക്കാൽ ഭഗവതിക്ഷേത്രം എന്നിവരുടെ പൂരക്കളിയും രാത്രി എട്ടിന് നാടക യോഗി ആട്ടവും നടക്കും.

29നു രാവിലെ 10ന് പൂരക്കളി അക്കാദമി ചെയർമാൻ ഡോ. സി.എച്ച്.സുരേന്ദ്രൻ നമ്പ്യാരും തുടർന്നു സെക്രട്ടറി വി.ഗോപാലകൃഷ്ണൻ പണിക്കരും ക്ലാസെടുക്കും. വൈകിട്ട് മൂന്നിന് ആദര സമ്മേളനം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷനാകും. പി.പി.മാധവൻ പണിക്കരെ ആദരിക്കും. അഷ്ടമച്ചാൽ ഭഗവതിക്ഷേത്രം, നെല്ലിക്കാൽ തുരുത്തി കഴകം, നിലമംഗലത്ത് ഭഗവതി ക്ഷേത്രം എന്നീ സംഘങ്ങൾ പൂരക്കളി അവതരിപ്പിക്കും. ആറിന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഫോക്‌ലോർ അക്കാദമിയുടെ പടയണിയും അരങ്ങേറുമെന്ന് സംഘാടകരായ ടി.ഐ.മധുസൂദനൻ, കെ.വി.മോഹനൻ, സി.എച്ച്.സുരേന്ദ്രൻ നമ്പ്യാർ, എ.വി.ശശി, എൻ.കൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Top