സംയുക്ത ട്രേ‍ഡ് യൂണിയനിൽ നിന്ന് ഐഎൻടിയുസി പിൻമാറി

പയ്യന്നൂർ : പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ സംയുക്ത ട്രേ‍ഡ് യൂണിയനിൽ നിന്ന് ഐഎൻടിയുസി പിൻമാറി. ഇതോടെ 20 വർഷത്തിലധികമായി പയ്യന്നൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ഇടയിൽ പ്രവർത്തിച്ചുവന്ന സംയുക്ത യൂണിയൻ ഇല്ലാതായി. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾ ചേർന്നാണ് സംയുക്ത യൂണിയൻ രൂപീകരിച്ചിരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളും തൊഴിലാളികൾക്കെതിരെ ജനങ്ങളിൽ നിന്നുയരുന്ന പരാതികളും പരിഹരിച്ചിരുന്നത് സംയുക്ത യൂണിയനായിരുന്നു. കേരളത്തിനുതന്നെ മാതൃകയായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികളുടെ ഇടയിൽ ഓട്ടോ കോടതി പ്രവർത്തിച്ചിരുന്നു.

എല്ലാ രണ്ടാമത്തെ ശനിയാഴ്ചകളിലും പരാതികളും പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹാരമുണ്ടാക്കുമായിരുന്നു. മദ്യപിച്ച് ഓട്ടോ ഓടിച്ചാൽ ആ തൊഴിലാളിയെ നിശ്ചിത ദിവസത്തേക്കു സസ്പെൻഡ് ചെയ്യുന്ന സംവിധാനം പയ്യന്നൂരിലുണ്ടായിരുന്നു. ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രന്റെ കൊലപാതകത്തെ തുടർന്നു ബിഎംഎസ് സംയുക്ത യൂണിയൻ വിട്ടുപോയിരുന്നുവെങ്കിലും തീരുമാനങ്ങൾക്ക് അനുകൂലമായി നിന്നിരുന്നു. എന്നാൽ ഐഎൻടിയുസി കൂടി സംയുക്ത യൂണിയൻ വിട്ടതോടെ ഇപ്പോൾ യൂണിയനിൽ സിഐടിയു മാത്രമാണ്. സിഐടിയുവിന്റെ വല്യേട്ടൻ മനോഭാവവും ധാർഷ്ട്യവുമാണ് ഐഎൻടിയുസി സംയുക്ത യൂണിയൻ വിട്ടതെന്നു നേതാക്കളായ എ.പി.നാരായണൻ, പി.കെ.സുരേഷ്, ടി.വി.ഗംഗാധരൻ, പ്രമോദ് പയ്യന്നൂർ, ഭാസ്കരൻ തായമ്പത്ത് എന്നിവർ അറിയിച്ചു.

രാഷ്ട്രീയചേരിതിരിവിന്റെ പേരിൽ തൊഴിലാളികളെ ആക്രമിക്കുകയും തൊഴിലുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന സിഐടിയു നിലപാടിൽ പ്രതിഷേധമുണ്ട്. വൈസ് പ്രസിഡന്റ് എ.കെ.രമേശന്റെ ഓട്ടോറിക്ഷ കത്തിച്ചതിനു പിന്നിൽ സിഐടിയുവാണ്. മൂന്നുമാസം മുൻപ് പി.കെ.സുരേഷിന്റെ ഓട്ടോറിക്ഷ നശിപ്പിച്ചതും ഇവരാണ്. അതുകൊണ്ടുതന്നെ സംയുക്ത യൂണിയൻ വിടുന്നു. സംയുക്ത യൂണിയൻ തീരുമാനം അനുസരിച്ച് ഇപ്പോൾ ധരിക്കുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള ഒരു തീരുമാനവും ഐഎൻടിയുസി അംഗീകരിക്കില്ല– നേതാക്കൾ അറിയിച്ചു.

Leave a Reply

Top