കുന്നരു മൂകാംബികാ ക്ഷേത്രം പുനഃപ്രതിഷ്ഠ നവീകരണ കലശ ഉത്സവം

പയ്യന്നൂർ : കുന്നരു മൂകാംബികാ ക്ഷേത്രം പുനഃപ്രതിഷ്ഠാ നവീകരണ കലശ ഉത്സവം ഏപ്രിൽ 22 മുതൽ മേയ് മൂന്നുവരെ നടക്കും. നൂറ്റാണ്ടുകൾക്കു ശേഷമാണ് ഈ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടക്കുന്നത്. 12ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കു തന്ത്രി വടക്കേ അബ്ലി ഇല്ലത്ത് ശങ്കര വാധ്യാൻ നമ്പൂതിരി കാർമികത്വം വഹിക്കും. നാളെ നാലിനു കുന്നരു അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര, അഞ്ചിനു സാംസ്കാരിക സമ്മേളനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

നവീകരണ കമ്മിറ്റി ചെയർമാൻ കെ.വി.രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിനു പൂജാദികർമങ്ങൾ തുടങ്ങും. 23ന് ആറിനു തിരുമുറ്റം പന്തൽ സമർപ്പണം നടക്കും. തുടർന്നു മൂകാംബികാ മാതൃസമിതിയുടെ തിരുവാതിര, ഇല്ലിക്കെട്ട് നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം. 24നു കൈരളി ആർട്സ് ക്ലബ്ബിന്റെ തിരുവാതിരക്കളി. 25ന് 6.30നു മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സുവനീർ പ്രകാശനം നടത്തും. തുടർന്നു ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 30 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം.

26ന് ഏഴിനു വിൽക്കലാമേള. 27ന് ഏഴിനു രാമായണത്തിന്റെ നൃത്താവിഷ്കാരം. 28നു കാറമേൽ റെഡ്സ്റ്റാർ ക്ലബ്ബിന്റെ ചരടുകുത്തി കോൽക്കളി, തുടർന്നു പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ ഭജന. 29ന് ഏഴിനു സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടർന്നു കോട്ടയം ജമനീഷ് ഭാഗവതരുടെ സംഗീതക്കച്ചേരി. 30നു പുലർച്ചെ 2.50നും 3.30നും മധ്യേയുള്ള മുഹൂർത്തത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ. ഉച്ചയ്ക്കു പ്രസാദ ഊട്ട്, വൈകിട്ട് ആറിനു ലക്ഷംദീപം സമർപ്പണം, തുടർന്നു ഗ്രാമിക കണ്ടങ്കാളിയുടെ വിഷകണ്ഠൻ നാടകം.

ഒന്നിന് ഏഴിനു ഭക്തിഗാനമേള, രണ്ടിന് 6.30ന് ചാക്യാർകൂത്ത്, എട്ടിന് കലാപരിപാടികൾ. മൂന്നിനു പുലർച്ചെ നട തുറക്കൽ, സഹസ്രകലശാഭിഷേകം, വലിയ ബലിക്കല്ല് പ്രതിഷ്ഠ, തുടർന്നു പ്രസാദഊട്ട്. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ കെ.വി.രാമചന്ദ്രൻ, എം.കണ്ണൻ, എം.ഇ.ഗോവിന്ദൻ നമ്പൂതിരി, ടി.സി.ശംഭു നമ്പൂതിരി, എം.പത്മനാഭൻ, വി.ടി.കുഞ്ഞപ്പൻ, കെ.വി.പ്രകാശൻ എന്നിവർ അറിയിച്ചു.

Leave a Reply

Top