വാഹനം പാഞ്ഞുകയറി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

പയ്യന്നൂർ: സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനികളുടെ മേല്‍ പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. നാലു വിദ്യാര്‍ഥിനികള്‍ക്ക് സാരമായി പരിക്കേറ്റു. പെരിങ്ങോം ചിലകിലെ കെ.പി.രതീഷിന്റെയും ഈട്ടിക്കല്‍ ശാലിനിയുടെയും മകള്‍ ദേവനന്ദ രതീഷ്(13) ആണ് അപകടത്തില്‍ മരിച്ചത്.

വാര്‍ഷികപരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചെറുപുഴ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പെരിങ്ങോം സ്വദേശിനികളായ ടി.വി. ആര്യ(13), അക്‌സ ഷൈജു(13), ടി.ഒ.ആല്‍ഫി(13), വയക്കരയിലെ ജൂന മുസ്തഫ(13) എന്നിവരെ പയ്യന്നൂരിലെ അനാമയ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആല്‍ഫി തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നേ കാലോടെ ചെറുപുഴ-തിരുമേനി റോഡില്‍ ചെറുപുഴ അയ്യപ്പ ക്ഷേത്രത്തിനു മുന്‍പിലാണ് അപകടമുണ്ടായത്. മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള സ്‌കൂളില്‍നിന്ന് ചെറുപുഴ ടൗണിലേക്ക് നടന്നുവരികയായിരുന്നു കുട്ടികള്‍. വലതുവശം ചേര്‍ന്ന് റോഡരികില്‍ക്കൂടി നടന്നുവന്നിരുന്ന കുട്ടികളുടെ പിന്നില്‍നിന്നു വന്ന ഗുഡ്‌സ് വാഹനം ഇടിച്ചുകയറുകയായിരുന്നു. വാഹനം തെറ്റായ വശത്തുകൂടിയും അതിവേഗത്തിലുമാണ് വന്നതെന്ന് സമീപത്തുള്ള യൂസ്ഡ് കാര്‍ ഷോറൂമിലെ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. കുട്ടികളെ ഇടിച്ചതിനുശേഷം, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കേടായ വാനില്‍ ഇടിച്ചാണ് വാഹനം നിന്നത്. എന്‍ജിന്‍ ഓയില്‍ വിതരണം ചെയ്യുന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. ഇത് ഓടിച്ചിരുന്ന ഡ്രൈവര്‍ വളപട്ടണം സ്വദേശി കെ.സി.അബ്ദുള്‍ കരീമിനെ ചെറുപുഴ എസ്.ഐ. പി.സുകുമാരനും സംഘവും കസ്റ്റഡിയിലെടുത്തു.

അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ കിട്ടിയ വാഹനത്തില്‍ കുട്ടികളെ ചെറുപുഴയിലെ ആസ്​പത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷകള്‍ക്കുശേഷം ആംബുലന്‍സില്‍ പയ്യന്നൂരിലെത്തിച്ചെങ്കിലും ദേവനന്ദ മരണത്തിന് കീഴടങ്ങി.അച്ഛന്‍ രതീഷ് ഗള്‍ഫിലാണ്. ഏകസഹോദരി അവന്തികയും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്

Leave a Reply

Top