ജനാർദ്ദനദാസിന് യാത്രയയപ്പ് നൽകി

അബുദാബി: മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജനാർദ്ദനദാസ് കുഞ്ഞിമംഗലത്തിന് പയ്യന്നൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പയ്യന്നൂർ ഡോട്ട് കോം, പയ്യന്നൂർ സൗഹൃദ വേദി, കേരള സോഷ്യൽ സെന്റർ തുടങ്ങി വിവിധ സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനായ ജനാർദ്ദനദാസ് അബുദാബി പൊലീസിലെ ദീർഘകാല സേവനത്തിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ ആക്റ്റിങ്ങ്‌ പ്രസിഡന്റ് ജയചന്ദ്രൻ നായർ, ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം, ഇന്ത്യൻ ഇസ്‌ലാമിക്ക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ പ്രസിഡന്റ് വി.പി. ശശികുമാർ, മാധ്യമ പ്രവർത്തകൻ ടി.പി. ഗംഗാധരൻ, പയ്യന്നൂർ ഡോട്ട് കോം ഡയറക്ടർ ബി. ജ്യോതിലാൽ, വി.ടി.വി. ദാമോദരൻ, വി.കെ. ഷാഫി, കെ.ടി.പി. രമേഷ്‌, കെ. ശേഖരൻ, പവിത്രൻ, മധു, ഫവാസ് തുടങ്ങിയവർ സംസാരിച്ചു. ജനാർദ്ദന ദാസ് യാത്രയയപ്പിനു നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ, ദുബായ് ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് വി.പി. ശശികുമാർ, പയ്യന്നൂർ ഡോട്ട് കോമിന് വേണ്ടി ബി. ജ്യോതിലാൽ എന്നിവർ ജനാർദ്ദനദാസിന് ഉപഹാരം സമ്മാനിച്ചു.

അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ മുൻകൈ എടുക്കുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്ത വി.ടി.വി. ദാമോദരനെ ചടങ്ങിൽ ആദരിച്ചു. എം. അബ്ദുൽ സലാമും ഉസ്മാൻ കരപ്പാത്തും ചേർന്ന് വി.ടി.വിയെ പൊന്നാട അണിയിച്ചു.

CETA നോളേജ് ക്വസ്റ്റ് ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗൗതം ജ്യോതിലാലിനെ ചടങ്ങിൽ അനുമോദിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ ഉപഹാരം നൽകി.

ജനറൽ സെക്രട്ടറി പി.എസ്. മുത്തലിബ് സ്വാഗതവും ട്രഷറർ ജ്യോതിഷ് കുമാർ പി നന്ദിയും പറഞ്ഞു.

Leave a Reply

Top