ജനാർദ്ദന ദാസിന് യാത്രയയപ്പ് ഫിബ്ര: 17 ശനിയാഴ്ച

അബുദാബി: മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂർ സൗഹൃദ വേദിയുടെ സ്ഥാപക നേതാവായ ജനാർദ്ദനദാസ് കുഞ്ഞിമംഗലത്തിനു സൗഹൃദ വേദി കുടുംബം യാത്രയയപ്പു നൽകുന്നു. ഫിബ്രവരി 17 ശനിയാഴ്ച രാത്രി ഏഴ് മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ സെന്റററിലാണ് പരിപാടി.

പയ്യന്നൂരിന്റെ പെരുമ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ലോകമെമ്പാടുമുള്ള പയ്യന്നൂർക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി രണ്ടായിരാമാണ്ടിൽ ആരംഭിച്ച പയ്യന്നൂർ ഡോട്ട് കോം വെബ്‌സൈറ്റിന്റെ സാരഥികളിൽ പ്രധാനിയാണ് ദാസ്. പയ്യന്നൂർ ഡോട്ട് കോമിന്റെ നേതൃത്വത്തിലാണ് പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിക്ക് 2002 ൽ രൂപം നൽകിയത്. അന്ന് മുതൽ സൗഹൃദ വേദിയുടെ നേതൃനിരയിൽ സജീവ സാന്നിധ്യമാണ് ജനാർദന ദാസ്.

ഫോട്ടോഗ്രാഫി രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായി അദ്ദേഹത്തിൻറെ നിരവധി ചിത്രങ്ങൾ മാതൃഭൂമിയുൾപ്പെടയുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ രണ്ടു പതിറ്റാണ്ടുകൾ മുമ്പ് തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവൻ നായർ ഉൾപ്പെടെ പ്രമുഖരായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളുടെ പുറംചട്ടകളെ അലങ്കരിക്കുന്നത് ദാസ് ചിത്രീകരിച്ച ചിത്രങ്ങളാണ്. അദ്ദേഹത്തിൻറെ നിരവധി ലേഖനങ്ങളും മുഖ്യധാരാ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിന്റെ ആരംഭ കാലത്തു സംപ്രേഷണം ചെയ്ത ഗൾഫ് സ്‌കെച്ചുകൾ എന്ന ഡോക്യൂമെന്ററി ഗൾഫിൽ നിന്നും ആദ്യമായി ചിത്രീകരിച്ച ടെലിവിഷൻ പരിപാടിയായിരുന്നു. സതീഷ് ബാബു പയ്യന്നൂർ സംവിധാനം ചെയ്ത ഈ പരിപാടിയുടെ പ്രധാന പിന്നണി പ്രവർത്തകനായിരുന്നു ജനാർദ്ദനദാസ്. തുടർന്ന് ടി.പി. ഗംഗാധരനോടൊപ്പം ഗൾഫരങ്ങ് തുടങ്ങിയ നിരവധി ടെലിവിഷൻ പരിപാടികളുടെ സംഘത്തിലും അദ്ദേഹം പങ്കാളിയായി.

അബുദാബിയിലെ പ്രമുഖ അംഗീകൃത സംഘടനയായ കേരളം സോഷ്യൽ സെന്ററിന്റെ മാനേജിങ് കമ്മിറ്റയിൽ ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുമ്പ് തന്നെ ദാസ് അംഗമായിരുന്നു. മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിൽ അബുദാബിയിലെ സാമൂഹ്യ – സാംസ്കാരിക- സാഹിത്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായി അദ്ദേഹം ഉണ്ടായിരുന്നു.

മുപ്പതു വർഷത്തിലധികം അബുദാബി പോലീസിൽ സി.ഐ.ഡി ജനറൽ ഹെഡ് ക്വർട്ടേഴ്‌സ് ഉൾപ്പെടെ വിവിധ വകുപ്പുകളിൽ  പ്രവർത്തിച്ച ജനാർദ്ദനദാസ് പൊലീസിലെ ഫോറൻസിക് വകുപ്പിലെ സേവനം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. പാണപ്പുഴ വേങ്ങയിൽ ഗോപിനാഥൻ നായനാരുടെ മകൾ ഷർമിള ദാസ് ഭാര്യ . ഡോകട്ർ രാധിക, വിദ്യാർത്ഥിനിയായ ചൈതന്യ എന്നീ രണ്ടു മക്കൾ.

 

Leave a Reply

Top