തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം തുടങ്ങി

പയ്യന്നൂർ : തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 6 ന് അരങ്ങിൽ അടിയന്തിരത്തിനു ശേഷം  ദേവതകളുടെ പ്രതിപുരുഷൻമാരും കോയ്മമാരും ക്ഷേത്രം വാല്യക്കാരും പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തി. പെരുമാളെ തൊഴുതു വണങ്ങി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയുമായി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിക്ക് തിരിച്ചെത്തി. ഭണ്ഡാരപ്പുരയിലേക്കും കലവറയിലേക്കും അടുക്കളയിലേക്കും എഴുന്നള്ളി കുഴിയടുപ്പിലേക്ക് അഗ്‌നി പകർന്നു. തുടർന്ന് ഗണപതിക്ക് വെക്കൽ, മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം,  പുലിയൂർ കണ്ണൻ വെള്ളാട്ടം,  അന്ന പ്രസാദം, വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി തോറ്റം, രാത്രി 10 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തി തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, 11 ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി എന്നീ തെയ്യങ്ങളുടെ തോറ്റം എന്നിവ നടന്നു.

തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ഉച്ചത്തോറ്റം

ചൊവ്വാഴ്ച നടന്ന സാംസ്കാരിക സമ്മേളനം കർണ്ണാടക സ്പോർട്സ് – യുവജന ക്ഷേമ മന്ത്രി പ്രമോദ് മധ്വരാജ് ഉദ്ഘാടനം ചെയ്തു. ഏ വി മാധവ പൊതുവാൾ അധ്യക്ഷനായി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയായി. പോത്തേര കൃഷ്ണൻ ഉപഹാരം നൽകി.  കരിപ്പത്ത് ദിവാകര പൊതുവാൾ,  സതീശൻ പാച്ചേനി, പി സന്തോഷ് കുമാർ, പി സത്യപ്രകാശ്, പി കുഞ്ഞുമുഹമ്മദ്, രാജീവൻ വടക്കേടത്ത്, വി കരുണാകരൻ മംഗലാപുരം, ടി വി രാഘവൻ , പി രാധാകൃഷ്ണൻ ,ടി പി ഷാജി, വി പി ബാബു എന്നിവർ സംസാരിച്ചു. വി ബാലൻ സ്വാഗതവും ടി വി ഗംഗാധരൻ നന്ദിയും പറഞ്ഞു. തുടർന്ന് സംസ്ഥാന സർക്കാർ സാംസ്കാരിക വിനിമയ കേന്ദ്രം അവതരിപ്പിക്കുന്ന നവോത്ഥാന സന്ധ്യ ( മലയാള നവോത്ഥാന ചരിത്രത്തിലൂടെയുള്ള ദൃശ്യ തീർഥയാത്ര) അവതരിപ്പിച്ചു.

 

#perumkaliyattam #thayineri #muchilottu

Leave a Reply

Top