പെരുങ്കളിയാട്ടം: കന്നിക്കലവറയിൽ ഇന്ന് കെടാദീപം തെളിയും

പയ്യന്നൂർ : തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം കന്നിക്കലവറ നിറക്കൽ ഇന്ന്  രാവിലെ 9 നും 9.30 നും ഇടയിൽ നടക്കും. അടിയന്തിരത്തിനു ശേഷം പെരുങ്കളിയാട്ടത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് അന്ന പ്രസാദത്തിനുള്ള അരിയും പല വ്യഞ്ജനങ്ങളും പച്ചക്കറികളും കന്നിക്കലവറയിൽ എത്തിക്കും. സൂര്യരശ്മി പോലും കടക്കാത്ത വിധം മെടഞ്ഞ ഓലകളും പാലമരവും കൊണ്ട് നിർമ്മിച്ച തൂണുകളും വാതിലുകളുമാണ് കലവറ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത്. കലവറ നിറക്കലോടെ ഇതിനകത്ത് കെടാ ദീപം തെളിയും. ഇതോടെ കന്നിക്കലവറയിൽ ദേവീ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.

വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സി.വി. ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. നഗര സഭ വൈസ് ചെയർ പേഴ്‌സൺ കെ.പി. ജ്യോതി അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്നു മണിക്ക് മഹേശ്വര അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോകം അരങ്ങേറും. നാല് മണിക്ക് അശ്വതി ടി.കെ. ഒളവറ കഥാപ്രസംഗം അവതരിപ്പിക്കും. അഞ്ചു മണിക്ക് പുതിയാങ്കാവ് വനിതാ കോൽക്കളി സംഘം ചരടുകുത്തി കോൽക്കളി അവതരിപ്പിക്കും. രാത്രി എട്ടു മണിക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മകൻ ദീപാങ്കുരനും നയിക്കുന്ന ഗാന സന്ധ്യ അരങ്ങേറും.

പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷനായി. വി എം നാരായണ പൊതുവാൾ, പി അപ്പുക്കുട്ടൻ, ടി പി ഭാസ്കര പൊതുവാൾ, പയ്യന്നൂർ കുഞ്ഞിരാമൻ, ഡോ. ആർ സി കരിപ്പത്ത്, ടി വി രജിത, ഏ വി ഗോവിന്ദൻ അടിയോടി, പി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ടി വി പ്രഭാകരൻ സ്വാഗതവും സി കെ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

 

#thayineri #muchilottu #perumkaliyattam

 

Leave a Reply

Top