ഗാന്ധി പ്രതിമ അനാച്ഛാദനം നാളെ അബുദാബിയിൽ

അബുദാബി : അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഫിബ്രവരി 1 വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി അനാച്ഛാദനം ചെയ്യും. യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിനെ രാജ്യം അനുസ്മരിക്കുന്ന വർഷത്തിൽ ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ അബുദാബി ഗാന്ധി സാഹിത്യവേദിയാണ് മുൻകൈ എടുത്തതെന്ന് രക്ഷാധികാരിയും യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റുമായ വൈ. സുധീർകുമാർ ഷെട്ടി പറഞ്ഞു.പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗാന്ധി സാഹിത്യവേദി പ്രെസിഡന്റുമായ വി.ടി.വി. ദാമോദരന്റെ കഠിന പരിശ്രമമാണ് പയ്യന്നൂരിൽ നിന്ന് ഗാന്ധി പ്രതിമ അബുദാബിയിലെത്തിച്ചത്. അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ സുവർണ ജൂബിലി ആഘോഷ വേളയിലും മഹാത്മാഗാന്ധിജിയുടെ 70-ാം രക്ത സാക്ഷിത്വത്തോടനുബന്ധിച്ചുമാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.

പ്രമുഖ ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് പ്രതിമ രൂപകൽപ്പന ചെയ്തത്. ഫൈബറിൽ രൂപകൽപന ചെയ്ത പ്രതിമ വെങ്കലംപൂശിയാണ് പൂർത്തീകരിച്ചത്. മൂന്നടി നീളവും മൂന്നടി ഉയരവുമുള്ളതാണ് ഗാന്ധിപ്രതിമ. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെയും എയർ ഇന്ത്യയുടേയും സഹകരണത്തോടെയാണ് തടസങ്ങളൊന്നുമില്ലാതെ പയ്യന്നൂരിൽ നിന്നും പ്രതിമ അബുദാബിയിലെത്തിച്ചതെന്നും സുധീർകുമാർ ഷെട്ടി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ മാതാവ് ഷെയ്ഖ ഹെസ്സ ബിന്ത് മുഹമ്മദ് ബിൻ ഖലീഫ അൽ നഹ്യാന്റെ നിര്യാണത്തിൽ ദുഖാചരണമായതിനാൽ വ്യാഴാഴ്ച വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഐ.എസ്.സി ആക്ടിങ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം. എ. സലാം, ട്രഷറർ റഫീഖ് കയനയിൽ, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വിടിവി ദാമോദരൻ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ശിൽപി ചിത്രൻ കുഞ്ഞിമംഗലം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഡിസംബറിൽ പയ്യന്നൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് പ്രതിമയെ അബുദാബിയിലേക്ക് യാത്രയാക്കിയത്. നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയിൽ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ: ജി. ഗോപകുമാർ ആണ് പ്രതിമ വി.ടി.വി. ദാമോദരന് കൈമാറിയത്. വി.ടി. ബൽറാം എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.

Leave a Reply

Top