കെ.വി.കുഞ്ഞിരാമന് നാടിന്റെ ആദരാഞ്ജലി

പയ്യന്നൂർ ∙: ഇന്നലെ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും രാഷ്ട്രീയ പ്രവർത്തകനുമായ കെ.വി.കുഞ്ഞിരാമന് വൻ ജനാവലി ആദരാഞ്ജലി അർപ്പിച്ചു. കോ‍ൺഗ്രസും പരിവർത്തനവാദി കോൺഗ്രസും ജനതാപാർട്ടിയും സമാജ്‌വാദി ജനതാ പാർട്ടിയുടെയുമൊക്കെ നേതാവായി പയ്യന്നൂരിൽ നിറഞ്ഞുനിന്നിരുന്ന കുഞ്ഞിരാമൻ 15 വർഷത്തിലധികമായി സജീവ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. പരിവർത്തന വാദി കോൺഗ്രസ് വിട്ട കുഞ്ഞിരാമൻ ജനതാപാർട്ടിയിൽ ചേരുകയും തുടർന്നു ചന്ദ്രശേഖർ നയിച്ച സമാജ്‌വാദി ജനതാപാർട്ടിയിൽ ചേരുകയും ചെയ്തു. ആ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ 1991ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി ജനതാപാർട്ടിയുടെ സ്ഥാനാർഥിയായി പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ചു. ആ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖർ പയ്യന്നൂരിലെത്തിയത് ഈ നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുബ്രഹ്മണ്യം സ്വാമിയോടൊപ്പം പ്രധാനമന്ത്രി പയ്യന്നൂർ കോളേജ് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു പ്രസംഗിച്ചത്.

എൽഐസി ഏജന്റ് കൂടിയായിരുന്ന കെ .വി.കുഞ്ഞിരാമൻ (65) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് അന്തരിച്ചത്. ഭാര്യ: പി.വി.നളിനി. മക്കൾ: പ്രതീഷ്, പ്രജീഷ്. സഹോദരങ്ങൾ കല്യാണി, മാധവി. പരേതരായ കണ്ണൻ.അമ്പു, നാരായണൻ

Leave a Reply

Top