മാവിച്ചേരി ഭഗവതിക്ഷേത്രം കളിയാട്ടം ജനുവരി 24 – 27

പയ്യന്നൂര്‍: മാവിച്ചേരി ഭഗവതിക്ഷേത്രം കളിയാട്ടം ജനുവരി 24 മുതല്‍ 27 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 19-ന് രാവിലെ അഞ്ചു മുതല്‍ നടക്കും. ക്ഷേത്രം തന്ത്രി അബ്ലി വടക്കേയില്ലത്ത് ശങ്കരവാധ്യാര്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം ഉണ്ടാകും. 20ന് രാവിലെ ഒന്‍പതിന് കളിയാട്ടത്തിന്റെ വരച്ചുവെക്കല്‍ ചടങ്ങും 23-ന് രാത്രി 11-ന് ആരൂഢ ഭണ്ഡാരപ്പുരയില്‍ ആചാരസ്ഥാനികരുടെ കലശംകുളി, ഗണപതി ഹോമം എന്നിവ നടക്കും. 24-ന് വൈകീട്ട് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും ക്ഷേത്രാചാരസ്ഥാനികരും വാല്യകാരും ചേര്‍ന്ന് ദീപവും തിരിയും കൊണ്ടുവന്ന് ദീപം തെളിക്കുന്നതോടെ നാലുദിവസത്തെ കളിയാട്ടം ആരംഭിക്കും.

കന്നിക്കൊരു മകന്‍, തുളുവീരന്‍, പാടാര്‍കുളങ്ങര ഭഗവതി, പുതിയ ഭഗവതി, നരമ്പില്‍ ഭഗവതി, വീരന്മാര്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. ഇവിടത്തെ പ്രത്യേകത തുളുവീരന്‍ തെയ്യമാണ്. ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ഉടയാടകള്‍കൊണ്ടും പ്രത്യേകതയുള്ള ഈ തെയ്യം മുഖംമറച്ചാണ് അരങ്ങിലെത്തുന്നത്. 24 മുതല്‍ മൂന്നുദിവസവും രാത്രി ഒരു മണിക്കാണ് തുളുവീരന്‍ തെയ്യത്തിന്റെ പുറപ്പാട്.

24-ന് രാത്രി എട്ടിന് കലാസന്ധ്യ, 25-ന് മൂന്നുമണിക്ക് അക്ഷരശ്ലോകസദസ്സ്, രാത്രി എട്ടിന് ഗാനമേള, 26-ന് രാത്രി ഏഴിന് കാഴ്ച, രാത്രി 11ന് ഫലിതപ്രഭാഷണം 27-ന് രാത്രി ഒന്‍പതിന് ചൈനീസ് കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ കെ.വി.കുഞ്ഞപ്പന്‍, എം.വി.കുഞ്ഞിരാമന്‍, കെ.സി.ലതികേഷ്, കുളങ്ങര ജിനേഷ്, പാവൂര്‍ സനൂപ്, കെ.വിനീത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Top