തായിനേരി കുറിഞ്ഞി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവം

പയ്യന്നൂർ : തായിനേരി കുറിഞ്ഞി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവം ജനുവരി 17 മുതൽ 19 വരെ നടക്കും. 36 വർഷത്തിനു ശേഷമാണ് കലശം നടക്കുന്നത്. ശ്രീകോവിൽ കരിങ്കൽ പാകൽ, പള്ളിയറ പിച്ചള പതിക്കൽ, പടിപ്പുര പുനർനിർമാണം, ഭണ്ഡാര നിർമാണം, ക്ഷേത്രക്കുളം പുനർനിർമാണം എന്നീ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കലശ ഉത്സവം നടക്കുക.

16നു വൈകിട്ട് നാലിന് കൊക്കാനിശ്ശേരിയിൽ നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. 6.30ന് പുത്തൂർ ശിവക്ഷേത്ര സമിതി ഭക്തിഗാന സുധ അവതരിപ്പിക്കും. 17ന് അഞ്ചിനു തായിനേരി വെള്ളാരങ്ങര ക്ഷേത്രത്തിൽ നിന്നും തായിനേരി അയ്യപ്പസേവാ ഭജന മന്ദിരത്തിൽ നിന്ന് എടുത്തുപിടിച്ച് വരവ്. ആറിനു സാംസ്കാരിക സമ്മേളനം നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും.

പുനഃപ്രതിഷ്ഠാ കമ്മിറ്റി പ്രസിഡന്റ് വട്ടക്കൊവ്വൽ രാഘവൻ അധ്യക്ഷത വഹിക്കും. തുടർന്നു കാടങ്കോട് കുഞ്ഞിക്കൃഷ്ണൻ പണിക്കരും പാണപ്പുഴ പത്മനാഭൻ പണിക്കരും തമ്മിൽ മറത്തുകളി. കാടങ്കോട് നെല്ലിക്കൽ ഭഗവതി ക്ഷേത്രം, പാലക്കാട് ചിറ്റൂർ വിജയമാതാ പൂരക്കളി സംഘം എന്നിവരുടെ പൂരക്കളി അരങ്ങേറും.

18നു രാത്രി ഏഴിന് തൃക്കരിപ്പൂർ രാമകൃഷ്ണ മാരാരുടെ തായമ്പക, എട്ടിനു തായിനേരി ലക്ഷ്മി നാട്യഗൃഹത്തിന്റെ നൃത്താർച്ചന. 19 നു രാവിലെ 9.15നും 10.00നും മധ്യേയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാകർമം നടക്കും. തുടർന്ന് ദ്രവ്യകലശാഭിഷേകം, പൂജ, അന്നദാനം എന്നിവയുണ്ടാകും. ക്ഷേത്രം കളിയാട്ടം ഫെബ്രുവരി 10 മുതൽ 13 വരെ നടക്കും. 10ന് വൈകിട്ട് ആറിനു തലയന്നേരി പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നു തിരുവായുധം എഴുന്നള്ളിച്ചു കൊണ്ടുവരുന്നതോടെയാണ് കളിയാട്ടം തുടങ്ങുക.

രാത്രി ഏഴിന് പുറച്ചേരി ഗ്രാമീണ കലാവേദിയുടെ നാടൻപാട്ട്, ഒൻപതിന് കരിമരുന്ന് പ്രയോഗം, 11ന് രാത്രി ഒൻപതിനു നാടകം എംടിയും ഞാനും. 12ന് രാത്രി ഒൻപതിന് കൊക്കാനിശ്ശേരിയിൽ നിന്നു കാഴ്ച, 10ന് ഗാനമേള, കരിമരുന്ന് പ്രയോഗം, 13ന് ഉച്ചയ്ക്കു 12നു പൂമാരുതൻ ദൈവത്തിന്റെയും മടയിൽ ചാമുണ്ഡിയുടെയും പുറപ്പാട്. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ വട്ടക്കൊവ്വൽ രാഘവൻ, എ.മുരളീധരൻ, പി.സുകുമാരൻ, വി.നാരായണൻ, കെ.അനീഷ് എന്നിവർ അറിയിച്ചു.

 

 

Leave a Reply

Top