ബസ് വീട്ടിലേക്കു മറിഞ്ഞ് 52 പേര്‍ക്ക് പരിക്ക്‌

  • അപകടത്തിൽ പെട്ടത് കണ്ടങ്കാളി ഷേണായീസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്ര സംഘം

പയ്യന്നൂർ: പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്‌ക്കെത്തിയ ബസ് കോഴിക്കോട് വീടിനു മേലേക്കു മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 52 പേര്‍ക്ക് പരിക്ക്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. വീട്ടിനകത്തുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് മൂന്നേകാലോടെ പുതിയങ്ങാടി പള്ളിക്കണ്ടി ബീച്ചിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ബീച്ച്‌റോഡില്‍ പത്തടിയോളം താഴ്ചയിലുള്ള പള്ളിക്കണ്ടിയിലെ തെക്കെത്തൊടി രമ്യനിവാസില്‍ സച്ചിദാനന്ദന്റെ വീട്ടിലേക്കാണ് ബസ് കുത്തനെ മറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ചുമരും ജനാലയും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും പൂര്‍ണമായി തകര്‍ന്നു. സച്ചിദാനന്ദന്റെ മരുമകളും ഗര്‍ഭിണിയുമായ ഹിമ കിടന്നിരുന്ന കട്ടിലിലേക്കാണ് ചുമരിന്റെ കല്ലുകള്‍ തെറിച്ചുവീണത്. ബസപകടം കണ്ട് ഭയന്ന ഹിമയെ ഉടന്‍തന്നെ ആസ്​പത്രിയിലേക്ക് മാറ്റി.

കോഴിക്കോട്ട് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ ബീച്ചിലെ ഡി.ടി.പി.സി.യുടെ അക്വേറിയം സന്ദര്‍ശിച്ച് രണ്ടുബസ്സുകളിലായി പയ്യന്നൂരിലേക്ക് മടങ്ങുകയായിരുന്നു. അതിലൊന്നാണ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് മറിഞ്ഞത്. ഒരു ബൈക്കിനെ രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണം വിട്ടതാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ബ്രേക്കിട്ടതിന്റെ അടയാളങ്ങളൊന്നും റോഡില്‍ കാണാനില്ലെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ പിറകുഭാഗത്തിരുന്ന കുട്ടികള്‍ മുഴുവന്‍ മുന്നിലെത്തിയിരുന്നു. വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ചില്ല് തകര്‍ത്ത് അകത്തുകടന്നാണ് കുട്ടികളെ പുറത്തെടുത്തത്. ചില കുട്ടികള്‍ സീറ്റിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും മെമ്മോറിയല്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

പയ്യന്നൂർ നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ സംഭവം അറിഞ്ഞ ഉടനെ കോഴിക്കോട് എത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സി. കൃഷ്ണൻ എം.എൽ.എ യും ആശുപത്രിയിലെത്തിയിരുന്നു.

Leave a Reply

Top