പയ്യന്നൂരിൽ നിന്നും അബുദാബിയിലേക്ക് ഗാന്ധി പ്രതിമ

അബുദാബി / പയ്യന്നൂർ: രാഷ്ട്ര പിതാവിന്റെ പാദസ്പർശത്താൽ ധന്യമായ, ദേശീയ പ്രസ്ഥാനത്തിന്റെ ഐതിഹാസിക മുഹൂർത്തങ്ങൾക്കു വേദിയായ പയ്യന്നൂരിൽ നിന്നും കടലുകൾ താണ്ടി യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്ക് ഗാന്ധി പ്രതിമ എത്തുന്നു. കഴിഞ്ഞ വർഷം പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത്. അബുദാബിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ പയ്യന്നൂർ സ്വദേശി വി.ടി.വി. ദാമോദരന്റേയും ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറിയും പെരുമ്പ സ്വദേശിയുമായ എം. അബ്ദുൽ സലാമിന്റെയും നേതൃത്വത്തിലാണ് ഇൻഡോ- അറബ് ബന്ധത്തിലെ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന ഈ സംരംഭം സാക്ഷാത്കരിക്കപ്പെടുന്നത്. യു.എ.ഇ എക്സ്ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടിയുടെ പിന്തുണയിലാണ് ഗാന്ധി പ്രതിമയുടെ സ്ഥാപനം.

പ്രമുഖ ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ്‌ രാഷ്ട്ര പിതാവിന്റെ അർദ്ധകായ പ്രതിമ തയ്യാറാക്കുന്നത്. പ്രതിമയെ അബുദാബിയിലേക്ക് യാത്രയയക്കാനായി പയ്യന്നൂർ പൗരാവലിയുടെ പേരിൽ ഡിസംബർ 16 ന് വൈകുന്നേരം അഞ്ചു മണിക്ക് പയ്യന്നൂർ ഗാന്ധിപാർക്കിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. വൈകുന്നേരം നാല് മണിക്ക് കുഞ്ഞിമംഗലത്തു നിന്നും കൊണ്ടുവരുന്ന പ്രതിമയെ പയ്യന്നൂർ നഗരത്തിലൂടെ സ്വീകരിച്ചു ഗാന്ധി പാർക്കിലേക്ക് ആനയിക്കും.

കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ജി. ഗോപകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ അധ്യക്ഷം വഹിക്കും. പ്രമുഖ ഗാന്ധിയൻ വി.പി. അപ്പുക്കുട്ടനെയും ശില്പി ചിത്രൻ കുഞ്ഞിമംഗലത്തെയും ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ വെച്ച് പ്രതിമയെ അബുദാബിയിലേക്ക് കൊണ്ടുപോകാനായി വി.ടി.വി ദാമോദരന് കൈമാറും.

ടി.ഐ. മധുസൂദനൻ, അഡ്വ: ഡി.കെ. ഗോപിനാഥ്, പി.വി. ദാസൻ, കെ.ടി. സഹദുള്ള, എം. രാമകൃഷ്ണൻ, ടി.സി.വി. ബാലകൃഷ്ണൻ, ടി. രാമകൃഷ്ണൻ, ബി. സജിത്ത് ലാൽ, ടി.പി.സുനിൽകുമാർ, പി. ജയൻ, എ.വി. തമ്പാൻ, കെ.യു. വിജയകുമാർ, കെ.പി. ബാലകൃഷ്ണ പൊതുവാൾ, കരയിൽ സുകുമാരൻ, കെ.വി. സുരേന്ദ്രൻ, ധനഞ്ജയൻ. സി, കെ.യു. നാരായണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേരും. ഡോ: ഇ. ശ്രീധരൻ സ്വാഗതവും വി.ടി.വി. ദാമോദരൻ നന്ദിയും പറഞ്ഞു.

 

 

 

 

 

Leave a Reply

Top