സുനിത തൃപ്പാണിക്കരയ്ക്ക് ജന്മനാടിന്റെ ആദരം

പയ്യന്നൂർ: കേന്ദ്ര സാമൂഹിക സുരക്ഷാ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ സർഗാത്മക പ്രതിഭാ‌ ദേശീയ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിമംഗലത്തെ സുനിത തൃപ്പാണിക്കരയ്ക്ക് ജന്മനാടിന്റെ ആദരം. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പരേതനായ തൃപ്പാണിക്കര കണ്ണൻ ദാർമന്റെയും ജാനകിയുടെയും മകളായ സുനിത പ്രശസ്ത മൗത്ത് പെയിന്ററായ ഗണേഷ് കുമാർ കുഞ്ഞിമംഗലത്തിന്റെ സഹോദരിയാണ്.

ചുണ്ടിൽ ബ്രഷ് ചേർത്തു ചിത്രരചന നടത്തുന്ന സുനിത ഇന്നു മൂവായിരത്തിലേറെ ചിത്രങ്ങളുടെ ഉടമയാണ്. ചെറുപ്പത്തിൽ തന്നെ പോളിയോ രോഗത്തിനടിമയായ സുനിത സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ തന്റെ പരിമിതികൾ ചിത്രകലയിലൂടെ പുറംലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഇതിനിടയിൽ വീട്ടിലിരുന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 2016ൽ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രേഷ്ഠ വനിത പുരസ്കാരം നൽകി ആദരിച്ചു.

ഡൽഹിയിൽ നിന്നു പുരസ്കാരം സ്വീകരിച്ചു തിരിച്ചെത്തിയ സുനിതയ്ക്ക് ഇന്നലെ ജന്മനാടായ കണ്ടംകുളങ്ങരയിൽ ജനകീയ സ്വീകരണം നൽകി. ഫ്രണ്ട്സ് കണ്ടംകുളങ്ങര ഒരുക്കിയ സ്നേഹപൂർവം അനുമോദന സായാഹ്നം ടി.വി.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ അധ്യക്ഷനായി. ബ്ലോക്ക് മെംബർ എം.ശശീന്ദ്രൻ, യു.ഭാസ്കരൻ, കെ.അനിത, കെ.പി.സുഗേഷ്, എൻ.വി.ലികേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്നു സുനിതയുടെ ചിത്രലോകത്തിലൂടെ എന്ന സ്‍ലൈഡ് ഷോയുമുണ്ടായി.

Leave a Reply

Top