കവ്വായി കായലിൽ ലോക പായ്‌വഞ്ചിയോട്ട മത്സരം

പയ്യന്നൂർ : ലോകത്തിലെ ഏറ്റവും വലിയ നാവിക പായ്‌വഞ്ചിയോട്ട മത്സരം കവ്വായിക്കായലിൽ തുടങ്ങി. അഡ്മിറൽ കപ്പിനു വേണ്ടി ഏഴിമല നാവിക അക്കാദമിയാണ് ആതിഥ്യമരുളുന്നത്. ഇന്ത്യയുൾപ്പെടെ 29 രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. 2008ൽ എട്ടു രാജ്യങ്ങളുമായാണ് മത്സരം തുടങ്ങിയത്.

2011 ബ്രസീലിൽ നടന്ന 26 രാജ്യങ്ങൾ പങ്കെടുത്ത പായ്‌വഞ്ചിയോട്ട മത്സരമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ മത്സരം. ഇന്നലെ കവ്വായിക്കായലിൽ മത്സരം ആരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരം നടത്തിയെന്ന ഖ്യാതി ഏഴിമല നാവിക അക്കാദമിക്കു ലഭിച്ചു. അക്കാദിയോടു ചേർന്നുള്ള ഏഴിമലയുടെ താഴ്‌വരയിൽ അറബിക്കടലിലായിരുന്നു മത്സരം നടത്താൻ ഒരുക്കങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ അലകൾ ക്രമരഹിതമായതിനാൽ അക്കാദമിയോട് ചേർന്നുള്ള കവ്വായിക്കായലിലേക്കു മത്സരം മാറ്റുകയായിരുന്നു. വഞ്ചിയോട്ട മത്സരത്തിന് അനുകൂലമായ രീതിയിൽ കാറ്റുള്ളതിനാൽ മത്സരം സുഗമമായി നടത്താൻ കഴിയുന്നുണ്ട്. . ഇത്തവണ റഷ്യയും വിയറ്റ്നാമും പുതുതായി മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളാണ്. കഴിഞ്ഞ വർഷം മത്സരത്തിലുണ്ടായിരുന്ന ചൈന ഇത്തവണ മത്സരത്തിനില്ല. ഡിസംബർ ഏഴിന് മത്സരം സമാപിക്കും.

Leave a Reply

Top