കലാമേളയ്ക്ക് ഇന്ന് തുടക്കം: ആദ്യ മത്സരം പൂരക്കളി

പയ്യന്നൂർ‌: കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നു പൂരക്കളിയോടെ തുടക്കം. ഗാന്ധി പാർക്കിൽ രാവിലെ 10നു ഹൈസ്കൂൾ വിഭാഗം പൂരക്കളിയും 12.30നു ഹയർ സെക്കൻഡറി വിഭാഗവും നടക്കും. ബാൻഡ് മേളം, അറബി നാടകം എന്നിവയും ഇന്ന് നടക്കും

രാവിലെ ഒൻപതിന് വിദ്യാഭ്യാസ ഉപഡയറക്ടർ യു.കരുണാകരൻ കലാമേളയ്ക്കു പതാകയുയർത്തും. തുടർന്നു ഗവ. ബോയ്സ് ഹൈസ്കൂളിൽ ഉദ്ഘാടന സമ്മേളനം. പത്ത് മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും.

14 വേദികളിലായി ആകെ 304 ഇനങ്ങളിലാണു മത്സരം. പന്ത്രണ്ടായിരത്തിലേറെ കുട്ടികൾ മത്സരിക്കുന്നു. ഗവ. ബോയ്സ് സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻ‍ഡറി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് സ്കൂൾ, ടൗൺ സ്ക്വയർ, ഗാന്ധി പാർക്ക്, ബിഇഎംഎൽപി സ്കൂൾ, ബിആർസി ഹാൾ എന്നിവിടങ്ങളിലാണു വേദികൾ. ഡിസംബർ ഒന്നിനാണു സമാപനം.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും. പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായും നിരോധിച്ച പയ്യന്നൂർ നഗരസഭാ കലോത്സവവേദിയിൽ നിന്നു പ്ലാസ്റ്റിക്കിനെ പരമാവധി അകറ്റി നിർത്താൻ ബോധവൽക്കരണം നടത്തുന്നുണ്ട്. സമ്മേളനവേദികളിൽ കുപ്പിവെള്ളം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വേദികളിലും ചൂടു വെള്ളം നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മാലിന്യം തള്ളാൻ 40 ഓലക്കൊട്ടകൾ നഗരസഭ ശേഖരിച്ച് സംഘാടകരെ ഏൽപിച്ചിട്ടുണ്ട്.

Leave a Reply

Top