ജില്ലാ സ്കൂൾ കലോത്സവം നവം:27 – ഡിസം:1 പയ്യന്നൂരിൽ

  • മത്സരം 14 വേദികളിൽ
  • എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയമാണ് പ്രധാന വേദി

പയ്യന്നൂർ : കണ്ണൂർ ജില്ലാ സ്കൂൾ കലോത്‌സവം നവംബർ 27 മുതൽ ഡിസംബർ ഒന്ന് വരെ പയ്യന്നൂരിൽ നടക്കും. 14 വേദികളിലായി നടക്കുന്ന കലോത്‌സവത്തിൽ ബോയ്സ് ഹൈസ്കൂളിലെ എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയമാണ് പ്രധാന വേദി . ഈ വേദിയിൽ ഉദ്ഘാടന – സമാപന സമ്മേളനങ്ങളും ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ മത്സരങ്ങളും അരങ്ങേറും. രണ്ടാമത്തെ വേദിയായ സ്റ്റേഡിയത്തിൽ ഓട്ടൻതുള്ളലും ആൺകുട്ടികളുടെ ഭരതനാട്യവും സംഘനൃത്തവും കോൽക്കളിയും ദഫ്മുട്ടും പരിചമുട്ടുകളിയും ചവിട്ടുനാടകവും അരങ്ങേറും.

മൂന്നാമത്തെ വേദിയായ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രധാനമായും നാടകങ്ങളാണ് അരങ്ങേറുക. സെന്റ്മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ചെണ്ടമേളങ്ങളും നങ്ങ്യാർകൂത്തും ചാക്യാർകൂത്തും അരങ്ങേറും. ബസ് സ്റ്റാൻഡ് പരിസരത്തെ ടൗൺ സ്ക്വയറിൽ കഥാപ്രസംഗവും പ്രസംഗവും പദ്യചൊല്ലലും മിമിക്രിയും മോണോആക്ടും സംഘഗാനവും അരങ്ങേറും.

ഗാന്ധി പാർക്കിൽ അക്ഷശ്ലോകവും കാവ്യകേളിയും ലളിതഗാനവും നാടൻപാട്ടും കൂടിയാട്ടവും യക്ഷഗാനവും അരങ്ങേറും. ബിഎംഎൽപി സ്കൂളിലെ പ്രധാനവേദിയിൽ ദേശഭക്തിഗാനവും വട്ടപ്പാട്ടും അറബനമുട്ടും അരങ്ങേറും. ഇതിനൊപ്പം സെന്റ് മേരീസ് ഹൈസ്കൂളിനു മുന്നിലെ വേദിയിൽ ഒപ്പനയും മൂകാഭിനയവും ഇംഗ്ലിഷ് സ്കിറ്റും മാർഗംകളിയും മാപ്പിളപ്പാട്ടും അരങ്ങേറും.

ബിഎംഎൽപി സ്കൂളിലെ പ്രധാന സ്റ്റേജിലാണ് തിരുവാതിരക്കളി. രചനാ മത്സരം നടക്കുന്ന ആദ്യ ദിവസം തന്നെ ഇത്തവണ പൂരക്കളി മത്സരവും ബാൻഡ്മേളവും അറബി നാടകവും അരങ്ങേറുന്നുണ്ട്. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിലാണ് ഭക്ഷണശാല. ഒരേ സമയം 700 പേർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Top