പയ്യന്നൂരിൽ മെക്കാഡം ടാറിങ് തുടങ്ങി, ഉടൻ മുടങ്ങി

പയ്യന്നൂർ : പയ്യന്നൂർ ടൗൺ റോഡിലെ മെക്കാഡം ടാറിങ് തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചു. നവംബർ 17 രാവിലെയാണ് ടൗണിലെ മെക്കാഡം ടാറിങ് തുടങ്ങിയത്. അടുത്ത ദിവസവും പണി നടന്നു. അതോടെ പണി നിലച്ചു. ശനിയാഴ്ച രാത്രിയിൽ പയ്യന്നൂരിൽ കനത്ത മഴ പെയ്തിരുന്നു. മഴ വന്നതുകൊണ്ട് ടാറിങ് നിർത്തിവച്ചതാണെന്നാണ് നാട്ടുകാരോടു പറഞ്ഞത്. എന്നാൽ ഇന്നലെയും പണി നടക്കാതായപ്പോൾ ടാർ ലഭ്യമല്ല എന്ന സത്യം പുറത്തു വന്നു.

ജിഎസ്ടിയുടെ പുതിയ നിയമമനുസരിച്ചു മരാമത്ത് വകുപ്പ് ജിഎസ്ടിയുമായി ഓൺലൈൻ ബന്ധം സ്ഥാപിക്കണം. ഇക്കാര്യം രണ്ടു ദിവസം മുൻപാണ് ബന്ധപ്പെട്ടവർ അറിയുന്നത്. ഓൺലൈൻ ശരിയാക്കി ജിഎസ്ടി അടങ്ങിയ പണം അടച്ചാൽ മാത്രമേ ടാർ ലഭിക്കൂ. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ടാർ ഉണ്ട്. അത് ടാങ്കർ ലോറികളിൽ നിറയ്ക്കണമെങ്കിൽ ജിഎസ്ടിയുടെ നൂലാമാലകൾ തീർക്കണം. തിങ്കളാഴ്ച അത് പരിഹരിച്ചു ചൊവ്വാഴ്ച പുനരാരംഭിക്കാമെന്നായിരുന്നു അധികൃതർ കരുതിയത്.

തിങ്കളാഴ്ച രാത്രിയോടെ പ്രശ്നം പരിഹരിച്ചാൽ ഇന്ന് ഉച്ചയ്ക്കു ശേഷം ടാറിങ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് മരാമത്ത് അധികൃതർ വിശദീകരിച്ചത്. വിവാദങ്ങളും പ്രക്ഷോഭങ്ങളും നടന്ന ടൗൺ റോഡ് മെക്കാഡം ടാറിങ് ജനങ്ങൾക്കിപ്പോൾ ഒരു തമാശയാണ്. 2016 മാർച്ചിൽ കരാറുകാരൻ എഗ്രിമെന്റ് വച്ച റോഡ് നിർമാണം ഒന്നര വർഷത്തിനു ശേഷം തുടങ്ങിയപ്പോൾ രണ്ട് കിലോമീറ്റർ റോഡിനുള്ള ടാർ ഇല്ലെന്നു പറയുന്നത് ജനങ്ങളെ പരിഹസിക്കുന്നതായിപ്പോയി

Leave a Reply

Top