നഗരത്തെ നടുക്കി വൻ അഗ്നിബാധ

പയ്യന്നൂർ : നഗരത്തിൽ ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ വൻ അഗ്നിബാധ ആശങ്ക ഉയർത്തിയെങ്കിലും വൻ ദുരന്തത്തിന് വഴി വെക്കാതെ അണക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ പയ്യന്നൂർ .  പ്രധാന റോഡിൽ മുകുന്ദ ആശുപത്രി പരിസരത്തു നിന്ന് അതിരൂക്ഷമായ പുക ഉയരാൻ തുടങ്ങിയതോടെ ടൗൺ മുഴുവൻ ആകാംക്ഷാഭരിതരായിരുന്നു.

ഉച്ചയ്ക്കു മൂന്നേകാലോടെയാണ് ടൗണിലെ പ്രധാന റോഡിൽ അമീൻ ടെക്സ്റ്റൈൽസിനും ഹാജി അബ്ദുൽ അസീസ് ആൻഡ് കമ്പനിയുടെ ഗോഡൗണിനും തീപിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഗോഡൗണിലെ ബെഡും കുഷ്യനുമുണ്ടാക്കുന്ന യു ഫോമിനു തീപിടിച്ചു താഴെ വീണാണ് താഴത്തെ നിലയിലുള്ള ടെക്സ്റ്റൈൽസിനു തീപിടിക്കുന്നത്. ഫോമിനു തീപിടിച്ചപ്പോൾ വൻ തോതിൽ പുക ഉയരുകയും തീപിടിച്ച ഫോമുകൾ കാറ്റിൽ താഴേക്കു വീഴുകയുമാണുണ്ടായത്. പുറത്ത് ഡിസ്പ്ലേ ചെയ്തിരുന്ന തുണിത്തരങ്ങൾക്കു തീ പിടിക്കുകയും അതു കടയിലേക്ക് ആളിപ്പടരുകയുമാണുണ്ടായത്. ടൗണിലെ പ്രധാന റോഡരികിലുള്ള സ്ഥാപനത്തിനു തീപിടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു.

മൂന്നു യൂണിറ്റ് അഗ്നിശമനസേന ഒരു മണിക്കൂർ പ്രവർത്തിച്ചാണ് തീയണച്ചത്. തീയും പുകയും കയറി ടെക്സ്റ്റൈൽസിലെ തുണിത്തരങ്ങളും അലമാരയും പൂർണമായും നശിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകളായ സി.വി.ഹുസൈനും സി.വി.മുഹമ്മദലിയും പരാതിയിൽ വ്യക്തമാക്കി. തൊട്ടടുത്തുള്ള കടകളിലേക്കു തീപടരുന്നത് അഗ്നിശമനസേനയുടെ ഇടപെടൽ മൂലം തടയാൻ കഴിഞ്ഞു.

എങ്കിലും ഇതിനോടു ചേർന്ന പറമ്പിലുണ്ടായിരുന്ന സാധനങ്ങൾ കത്തി നശിച്ചിരുന്നു. മുകുന്ദ ആശുപത്രി പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തോടു ചേർന്നാണ്. ആ ഭാഗത്തേക്കു തീ പടരുന്നതു തടയാനും അഗ്നിശമനസേന ഏറെ പാടുപെട്ടിരുന്നു. സംഭവമറിഞ്ഞു വൻ ജനാവലിയാണ് റോഡിൽ തടിച്ചുകൂടിയത്. അഗ്നിബാധ നിയന്ത്രിക്കാൻ അഗ്നിശമനസേനയ്ക്കൊപ്പം പൊലീസും ചുമട്ടുതൊഴിലാളികളും ഡ്രൈവർമാരും വ്യാപാരികളും നാട്ടുകാരും ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് വൻ ദുരന്തം ഒഴിവായത്

Leave a Reply

Top