കുഞ്ഞിമംഗലം ഗവ. ‌ ഹയർസെക്കൻഡറിക്ക് ഓവറോൾ കിരീടം

പയ്യന്നൂർ : കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻ‍ഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ജിബിവിഎച്ച്എസ്എസ് മാടായിയും ഹൈസ്കൂൾ വിഭാഗത്തിൽ പുതിയങ്ങാടി ജമാ അത്ത് എച്ച്എസ്എസും റണ്ണർഅപ്പായി . യുപി വിഭാഗത്തിൽ ചെറുകുന്ന് ബക്കിത്ത ഇംഗ്ലിഷ് സ്കൂൾ ചാമ്പ്യന്മാരായി. നെരുവമ്പ്രം യുപിയും ചെറുകുന്ന് ജിജിവിഎച്ച്എസ്എസും രണ്ടാംസ്ഥാനം പങ്കിട്ടു.

എൽപി വിഭാഗത്തിൽ വിളയാങ്കോട് സെന്റ് മേരീസ് എൽപി സ്കൂളും ഏഴോം ഹിന്ദു എൽപി സ്കൂളും ചാംപ്യന്മാരായി. ചെറുകുന്ന് ബക്കിത്ത ഇംഗ്ലിഷ് സ്കൂൾ റണ്ണർഅപ്പായി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാട്ടൂൽ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളും യുപി വിഭാഗത്തിൽ മെക്ക പഴയങ്ങാടിയും എൽപി വിഭാഗത്തിൽ വെങ്ങര മാപ്പിള എൽപിയും മെക്ക പഴയങ്ങാടിയും ചാംപ്യന്മാരായി .

പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ, വെങ്ങര മാപ്പിള യുപി, മാടായി ജിഎംയുപി എന്നിവർ റണ്ണർഅപ്പായി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചെറുകുന്ന് ജിജിവിഎച്ച്എസ്എസും യുപി വിഭാഗത്തിൽ പുറച്ചേരി ഗവ. യുപി സ്കൂളും ജേതാക്കളായി. വെങ്ങര ഗവ. വെൽഫെയർ യുപി സ്കൂൾ രണ്ടാമതെത്തി.

സമാപന സമ്മേളനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലൻ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത മുഖ്യാതിഥിയായി. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എഇഒ കെ.ഗംഗാധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ.വി.രാജൻ, പ്രഥമാധ്യാപകൻ പി.അബ്ദുല്ല എന്നിവർ സംസാരിച്ചു.

Leave a Reply

Top