ബസിനു പിന്നിൽ മറ്റൊരു ബസിടിച്ച് അഞ്ചു മരണം

അപകടം രാത്രി ഏഴരയോടെ മണ്ടൂരിൽ ; നിരവധി പേർക്ക് പരിക്ക്

പയ്യന്നൂർ: പിലാത്തറക്കടുത്ത് മണ്ടൂരില്‍ സ്വകാര്യ ബസ് ഇടിച്ച് അഞ്ച് മരണം. ഒരു സ്ത്രീയും നാലു പുരുഷന്‍മാരുമാണ് അപകടത്തില്‍ മരിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിന് ഇരയായത്. ഇന്ന് രാത്രി ഏഴര മണിയോടെയാണ് അപകടം. പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്കു പോകുന്ന പൂമാല ബസ്സിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ബസില്‍ നിന്നും പുറത്തിറങ്ങിയവരെ അതേ റൂട്ടിൽ വന്ന വിഘ്നേശ്വര ബസ് ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നു.

നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. ഇതിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ, പുതിയങ്ങാടി ജമാഅത്ത് സ്കൂൾ അധ്യാപിക കൂടിയായ ഏഴോം സ്വദേശി സുബൈദ (45), മകൻ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി (35) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പരുക്കേറ്റവർ പരിയാരം മെഡിക്കൽ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.

ഇടിച്ച ബസ്സിന്റെ ഡ്രൈവർ പഴയങ്ങാടി സ്വദേശി പ്രതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇയാളുടെ പേരിൽ കേസെടുത്തു.

Leave a Reply

Top