കരിവെള്ളൂര്‍ എ വി സ്മാരക സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പയ്യന്നൂര്‍ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സമര്‍പ്പിച്ച മാസ്റ്റര്‍ പ്ളാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സി കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാല നടത്തിയാണ് വികസന രേഖയും മാസ്റ്റര്‍ പ്ളാനും തയ്യാറാക്കിയത്.

അക്കാദമിക് ക്യാമ്പസ്, സാമൂഹിക സമ്പര്‍ക്ക ക്യാമ്പസ് എന്നിങ്ങനെ രണ്ട് മേഖലകളായാണ് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിയത്. ഹൈടെക് ക്ളാസ് മുറി, ലാബ്- ലൈബ്രറി, അടുക്കള, ഭക്ഷണശാല, സോളാര്‍ വൈദ്യുത പദ്ധതി, ശൌചാലയ സമുച്ചയം, കൌണ്‍സലിങ് – ഫിസിയോതെറാപ്പി ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളോടുംകൂടിയ അക്കാദമിക് ക്യാമ്പസ് മൂന്നു നിലകളിലായാണ് നിര്‍മിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനി സ്റ്റേഡിയം, ഇന്‍ഡോര്‍ കോര്‍ട്ട്-ചരിത്ര മ്യൂസിയം, ആര്‍ട് ഗ്യാലറി, തിയേറ്റര്‍ സൌകര്യത്തോടെയുള്ള ഓഡിറ്റോറിയം, കലാപരിശീലന കേന്ദ്രം, സമീപ വിദ്യാലയങ്ങള്‍ക്കുകൂടി ഉപകാരപ്രദമാകും വിധം പൊതു ലൈബ്രറി-ലാബ്, ഫിസിയോതെറാപ്പി സെന്റര്‍, പൂരക്കളി സ്ഥിരം പരിശീലന കേന്ദ്രം എന്നിവയു നിര്‍മിക്കും. 20 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി സ്കൂളിനെ അക്കാദമിക മികവിനൊപ്പം കലാ-കായിക മികവിലും ഭൌതിക സാഹചര്യത്തിലും സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയമാക്കി മാറ്റും. പ്രശസ്ത ആര്‍കിടെക്ട് ടി വിനോദാണ് രൂപരേഖ തയ്യാറാക്കിയത്. സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സി, സ്വകാര്യ സംരംഭകര്‍, പൊതു സമൂഹത്തിലെ വിവിധ കൂട്ടായ്മ, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെയൊക്കെ സഹകരണത്തോടെയാണ് നിര്‍മാണ പ്രവൃത്തി നടക്കുക.

സി കൃഷ്ണന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, ജില്ലാ പഞ്ചായത്തംഗം പി ജാനകി, ഇ പി കരുണാകരന്‍, കെ നാരായണന്‍, പി കുഞ്ഞികൃഷ്ണന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി അജിത, പ്രഥമാധ്യാപകന്‍ പി വി നാരായണന്‍, പിടിഎ പ്രസിഡന്റ് വി വി പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വികസന പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കിറ്റ്കോക്കിനാണ് നിര്‍മാണച്ചുമതല.

Leave a Reply

Top