ഉപജില്ല സ്കൂൾ കലോത്സവം ഇന്നു മുതൽ

പയ്യന്നൂർ : ഉപജില്ല സ്കൂൾ കലോത്സവം ഇന്നു മുതൽ നവംബർ നാലു വരെ തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 12 വേദികളിലാണ് മത്സരം നടക്കുക. 287 മത്സര ഇനങ്ങളിൽ 95 വിദ്യാലയങ്ങളിൽ നിന്നായി 5800 മത്സരാർഥികൾ പങ്കെടുക്കും.എൽപി വിഭാഗം കുട്ടികളുടെ സ്റ്റേജിതര മത്സരങ്ങളോടൊപ്പം ആദ്യദിനം തന്നെ സ്റ്റേജിന മത്സരവും നടക്കും. വിവിധ വേദികളെ ബന്ധിപ്പിച്ചു കേരള അമച്വർ റേഡിയോ സൊസൈറ്റി ഏർപ്പെടുത്തിയ വാക്കിടോക്കി സിസ്റ്റം പ്രവർത്തിക്കും. നാട്ടുപൂക്കളായ തുമ്പ, തുളസി, മുക്കുറ്റി, കോളാമ്പി, കണിക്കൊന്ന, ശംഖുപുഷ്പം, പിച്ചകം, മുല്ല, ചെമ്പരത്തി, ചെണ്ടുമല്ലി, കാക്കപ്പൂ, നീലക്കുറിഞ്ഞി എന്നീ പേരുകളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്

ദിവസം 3500 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. ആദ്യ ദിവസം പാൽപായസം ഉൾപ്പെടെ ഒരുക്കുന്നുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് കലോത്സവ വേദികൾ പ്രവർത്തിക്കുക. മാലിന്യം ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി നാട്ടിലെ മുതിര്‍ന്നവര്‍ നിര്‍മിച്ച ഓലക്കൊട്ടയാണ് ഉപയോഗിക്കുന്നത്.വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾക്ക് ഉപഹാരം നൽകും.വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാംപ്യൻഷിപ്പിന് ഇത്തവണ പുതുതായി രൂപകൽപന ചെയ്ത ട്രോഫികൾ നൽകും.

ഔപചാരികമായ ഉദ്‌ഘാടനം നാളെ രാവിലെ പി.കരുണാകരൻ എംപി നിർവ്വഹിക്കും . നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിക്കും.നാലാം തീയതി വൈകുന്നേരം 4.30നു നടക്കുന്ന സമാപന സമ്മേളനം സി.കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലൻ അധ്യക്ഷത വഹിക്കും. പരീക്ഷാ ജോയിന്റ് കമ്മിഷണർ സി.രാഘവൻ സമ്മാനദാനം നിർവഹിക്കുമെന്നു സംഘാടക സമിതി ചെയർമാൻ ശശി വട്ടക്കൊവ്വൽ‌, കൗൺസിലർ വി.പി.സതീശൻ, എഇഒ രവീന്ദ്രൻ കാവിലെവളപ്പിൽ, ജനറൽ കൺവീനർ എം.ഐ.നാരായണൻ നമ്പൂതിരി, കെ.സതീശൻ, ടി.എൻ.മധു എന്നിവർ അറിയിച്ചു.

Leave a Reply

Top