കരിവെള്ളൂർ ശിവക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കി മത്തവിലാസം കൂത്ത്

പയ്യന്നൂർ: കരിവെള്ളൂർ ശിവക്ഷേത്രത്തിലെ കൂത്തരങ്ങിൽ ഇനിയുള്ള ദിവസങ്ങൾ മത്തവിലാസം കൂത്തിനാൽ ഭക്തിസാന്ദ്രമാകും. വൃശ്ചിക സംക്രമത്തലേന്നുവരെയാണ് കൂത്ത് അരങ്ങേറുക. ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്ന അപൂർവം ശിവക്ഷേത്രങ്ങളിലൊന്നാണ് കരിവെള്ളൂരിലേത്.

സന്താന ഭാഗ്യത്തിനുവേണ്ടിയും ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായാണ് ഭക്തർ വഴിപാടായി കൂത്ത് കഴിപ്പിക്കുന്നത്.ഒരു വർഷം ഇരുപത്തിരണ്ടു മത്തവിലാസം കൂത്താണ് അരങ്ങേറുന്നത്. 2029 വരെയുള്ള മത്തവിലാസം കൂത്ത് റജിസ്റ്റർ ചെയ്തതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു. ഇരിങ്ങാലക്കുട മാണിനീലകണ്ഠ ചാക്യാർ, മാണി മാധവാനന്ദ ചാക്യാർ, കലാമണ്ഡലം വാസുദേവ ചാക്യാർ എന്നിവരാണ് വിവിധ ദിവസങ്ങളിൽ ശിവരൂപം ധരിച്ച് മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നത്.ചെങ്ങന്നൂർ സരസ്വതി നങ്ങ്യാരമ്മയുടെ ശ്ലോകവും കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാരുടെ മിഴാവും കൂത്തരങ്ങിൽ ശ്രദ്ധേയമാകുന്നു.

വൃശ്ചിക സംക്രമത്തലേന്നുവരെ എല്ലാ ദിവസവും രാവിലെ എട്ടിനു വിരുത്തികൂത്തും രാത്രി എട്ടിനു മത്തവിലാസം കൂത്തും അരങ്ങിലെത്തും. സംക്രമ ദിവസത്തെ വിരുത്തികൂത്തോടുകൂടി കരിവെള്ളൂർ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ മത്തവിലാസം കൂത്തുത്സവത്തിനു സമാപനം കുറിക്കും.

Leave a Reply

Top