സി പി ശ്രീധരൻ അനുസ്മരണം

പ്രതിഭകൊണ്ട് കേരളമാകെ പ്രകാശം ചൊരിഞ്ഞ പയ്യന്നൂരിന്റെ പ്രിയപ്പെട്ട സി.പി. ശ്രീധരന്‍ ദിവംഗതനായിട്ട് 21 വര്‍ഷം തികയുന്നു. 1996 ഒക്ടോബര്‍ 24നാണ് ആ സൂര്യജ്യോതിസ് പൊലിഞ്ഞത്.
തലയെടുപ്പുള്ള എഴുത്തുകാരന്‍, സാഹിത്യ പ്രസ്ഥാനങ്ങളുടെ നായകന്‍, ഉജ്വല പ്രഭാഷകന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍ തുടങ്ങി ബഹുമുഖമായ മണ്ഡലങ്ങളില്‍ ഉജ്വല കാന്തിപരത്തുകയും മായാത്ത മുദ്രപതിപ്പിക്കുകയും ചെയ്ത സി.പിക്ക് തുല്യം സി.പി. മാത്രം.

സമസ്ത കേരള സാഹിത്യപരിഷത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എന്നിവയുടെ പ്രസിഡണ്ടായി ദീര്‍ഘകാലം അദ്ദേഹം സ്തുത്യര്‍ഹമായ സേനവമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെയും നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു. സാഹിത്യം, സാംസ്കാരികം, രാഷ്ട്രീയം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം പ്രകാശം പ്രസരിപ്പിച്ചു. സി.പിയുടെ പ്രഭാഷണവും എഴുത്തും ഒരുപോലെ മലയാളി ആസ്വദിച്ചു.

ഭാഷയെയും സാഹിത്യത്തെയും സന്പന്നമാക്കുന്ന പതിനഞ്ചോളം പ്രൌഢഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്. നൂറുകണക്കിന് കൃതികള്‍ക്കാണ് അദ്ദേഹം അവതാരികയെഴുതിയിട്ടുള്ളത്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സി.പി. എഴുതിയിട്ടുള്ള ലേഖനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കലയും മനുഷ്യനും’, ‘അനശ്വര ശില്‍പ്പങ്ങള്‍’, മഹത്വ മുഖങ്ങള്‍, പാഞ്ചജന്യം, ഡോ. എസ്. രാധാകൃഷ്ണന്‍, ‘ഡോ. സക്കീര്‍ ഹുസൈന്‍’, ഇന്ത്യന്‍ വിപ്ലവത്തിന്‍റെ വിത്ത്’, ശാസ്ത്ര സാഹിത്യം മലയാളത്തില്‍, ഇന്നത്തെ സാഹിത്യകാരന്മാര്‍, തുടങ്ങിയ പതിനഞ്ചോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുന്നൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ക്ക് ആമുഖ വിമര്‍ശന പഠനങ്ങളും അവതാരികകളും അറുനൂറിലേറെ സമാഹരിക്കാത്ത സാഹിത്യ-വിമര്‍ശന പ്രബന്ധങ്ങളും അസംഖ്യം ലേഖനങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. വിശ്വവിജ്ഞാനകോശത്തിന്‍റെ അസോസിയേറ്റ് എഡിറ്ററെന്ന നിലയില്‍ അദ്ദേഹം നിസ്തുലമായ സേവനമാണ് കാഴ്ചവെച്ചത്. കാറല്‍ മാര്‍ക്സിന്‍റെ മൂലധനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകവഴി ശ്രീധരന്‍ അകമഴിഞ്ഞ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തിന്‍റെ ചീഫ് എഡിറ്ററെന്ന നിലയിലും ആദ്ദേഹം ശോഭിച്ചിരുന്നു.

ആ മഹാപ്രതിഭയുടെ സ്മരണക്കു മുന്നിൽ പ്രണാമം

Leave a Reply

Top