ജനരക്ഷാ യാത്ര: അമിത് ഷാ ഇന്നു രാവിലെയെത്തും

പയ്യന്നൂർ ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു രാവിലെയെത്തും. ബേക്കലിലെ ടാജ് വിവാന്ത ഹോട്ടലിൽ ഇന്നലെ തന്നെ എത്തിയ അമിത് ഷാ അവിടെ നിന്നും രാവിലെ ഒമ്പതു മണിക്ക് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നുംകുടം വച്ചു തൊഴുത ശേഷമാണ് പയ്യന്നൂരിലെത്തുക. ടൗൺ സ്ക്വയറിൽ 38 അടി നീളവും 24 അടി വീതിയുമുള്ള വേദിയാണ് ഒരുക്കിയിട്ടുള്ളത്. എട്ട് അടി ഉയരത്തിലാണ് വേദി. 60 നേതാക്കന്മാർക്കാണ് സ്റ്റേജിൽ അമിത്ഷായ്ക്കൊപ്പം ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്.

കൊല്ലപ്പെട്ട ആർഎസ്എസ് – ബിജെപി പ്രവർത്തകരുടെ സ്മരണകൾ ഉണർത്തുന്ന പശ്ചാത്തല ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവർത്തകർക്ക് ഇരിക്കാനുള്ള സൗകര്യം ബസ് സ്റ്റാൻഡിലാണ് സജ്ജമാക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിനുശേഷം എടാട്ട് ഗ്രീൻപാർക്ക് ഹോട്ടലിലേക്കു പോകുന്ന അമിത്ഷാ വിശ്രമത്തിനുശേഷം മൂന്നിനു ഗാന്ധിപാർക്കിൽ തിരിച്ചെത്തി പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ജനരക്ഷാ യാത്രയ്ക്കൊപ്പം ദേശീയ പാതയിലൂടെ പിലാത്തറ വരെ കാൽനടയായി പോകുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്.

 

പയ്യന്നൂർ ∙ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് സുരക്ഷ സംവിധാനമൊരുക്കാൻ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ 1184 പൊലീസ് സേന പയ്യന്നൂരിലെത്തി. ഇന്നലെ രാത്രിയോടെ പയ്യന്നൂരും പരിസരങ്ങളും ഈ സേനയുടെ വലയിലാണ്. ഐജി മധുപാൽ യാദവ്, ജില്ലാ പൊലീസ് ചീഫ് ശിവവിക്രം, തളിപ്പറമ്പ ഡിവൈഎസ്പി കെ.വി.വേണുഗോപാൽ ഉൾപ്പെടെ 13 ഡിവൈഎസ്പിമാർ, പയ്യന്നൂർ സിഐ എം.പി.ആസാദ് ഉൾപ്പെടെ 22 സിഐമാർ, പയ്യന്നൂർ എസ്ഐ കെ.പി.ഷൈൻ ഉൾപ്പെടെ 32 പൊലീസ് സ്റ്റേഷനുകളിലെ മേധാവികളായ എസ്ഐമാർ, 166 എസ്ഐ, എഎസ്ഐമാർ, 881 പൊലീസുകാർ, 70 വനിത പൊലീസ് എന്നിവരാണ് സുരക്ഷയ്ക്കായി പയ്യന്നൂരിലെത്തിയിട്ടുള്ളത്. ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഈ പൊലീസ് സേനയ്ക്ക് ഐജിയും ജില്ലാ പൊലീസ് മേധാവിയും കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ ഉൾപ്പെടെയുള്ള ഡിവൈഎസ്പിമാരും സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

 

Leave a Reply

Top