ബി.ജെ.പി ജനരക്ഷാ യാത്രക്ക് നാളെ പയ്യന്നൂരിൽ തുടക്കം

പയ്യന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പയ്യന്നൂരില്‍ പൂര്‍ത്തിയായി . പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ജന രക്ഷായാത്രയുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ മൂന്നിന്) രാവിലെ 10 മണിക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിര്‍വഹിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നായി ഇരുപത്തിഅയ്യായിരത്തോളം പ്രവര്‍ത്തകര്‍ എത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. പഴയ ബസ്സ്റ്റാന്‍ഡിലെ ടൗണ്‍ സ്‌ക്വയര്‍ മുഴുവനായി നിര്‍മിച്ച ഇരുപത്തിനാലടി ഉയരമുള്ള സ്റ്റേജില്‍ അറുപതോളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം മുന്നൂറോളം പേര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും. ജാഥാനായകന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് ഉച്ചയോടെ പയ്യന്നൂരിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ശ്രീ നാരായണ വിദ്യാലയം സന്ദർശിച്ച കുമ്മനം സ്വാമി ആനന്ദ തീർഥ സമാധിയിൽ പുഷ്‌പാർച്ചന നടത്തി.

നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യും. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി ദേശീയ അധ്യക്ഷന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബലിദാനികളായവരുടെ കുടുംബാംഗങ്ങളെയും അക്രമത്തില്‍ പരിക്കുപറ്റിയവരേയും പങ്കെടുപ്പിക്കും. ഏഴിലോട് ജാഥാംഗങ്ങള്‍ക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്യും. പിലാത്തറയില്‍ നടക്കുന്ന ആദ്യദിവസത്തെ സമാപനയോഗത്തില്‍ വിവിധ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും

Leave a Reply

Top