അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത മകൻ ബസിടിച്ച് മരിച്ചു

പയ്യന്നൂർ ∙ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത മകൻ ബസിടിച്ച് മരിച്ചു. മാത്തിൽ വൈപ്പിരിയം മദർ സ്കൂൾ ജംക്‌ഷനിലാണ് അപകടം. അന്നൂർ യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനന്ദാണ് (11) മരിച്ചത്. അമ്മ ശ്രീലജയ്ക്കൊപ്പം പുറക്കുന്നിലെ അമ്മവീട്ടിൽ നിന്ന് വെള്ളൂർ കിഴക്കുമ്പാട്ടെ വീട്ടിലേക്കു വരുമ്പോഴാണ് അപകടം. രണ്ട് സ്വകാര്യ ബസുകൾ മത്സരിച്ച് വരുമ്പോൾ റോഡരികിലൂടെ സ്കൂട്ടർ ഓടിച്ചിരുന്ന ശ്രീലജയുടെ സ്കൂട്ടറിനു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അഭിനന്ദിന്റെ തലയിൽ ബസ് ടയർ കയറിയിറങ്ങി. മകൻ റോഡിലേക്കും അമ്മ റോഡിനു പുറത്തേക്കുമാണ് വീണത്.

ശ്രീലജ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടിച്ച ബസിൽ തന്നെയാണ് അഭിനന്ദിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചത്. കാങ്കോൽ‌ വെസ്റ്റ് കോസ്റ്റ് പോളിമേഴ്സിലെ ജീവനക്കാരൻ കീനേരി ചന്ദ്രനാണ് പിതാവ്. സഹോദരൻ അനുഗ്രഹ് വെള്ളൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വെള്ളൂരിൽ‌ നടന്നു.

 

Leave a Reply

Top