സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ദക്ഷിണേന്ത്യന്‍ നൃത്തസംഗീതോത്സവം

പയ്യന്നൂര്‍: സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 21 മുതല്‍ 29 വരെ ദക്ഷിണേന്ത്യന്‍ നൃത്തസംഗീതോത്സവം നടക്കും. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്നാണ് എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ നൃത്തസംഗീതപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ക്ഷേത്രം കല്ല്യാണമണ്ഡപത്തില്‍ തയ്യാറാക്കുന്ന പ്രത്യേക വേദിയിലാണ് പരിപാടികള്‍ അരങ്ങേറുക. മലയാളം-തെലുങ്ക് സിനിമാനടിയും നര്‍ത്തകിയുമായ മധുരിമ നര്‍ള, പത്മശ്രീ പുരസ്‌കാരജേത്രി കലാമണ്ഡലം ക്ഷേമാവതി, നടിയും നൃത്താധ്യാപികയുമായ ബി.വി.എന്‍. സൗമ്യ, വീണാസംഗീതത്തില്‍ പ്രഗല്ഭനായ എ.അനന്തപത്മനാഭന്‍, വായ്പാട്ടുമായി എസ്.ശങ്കര്‍, വിഷ്ണുദേവ് നമ്പൂതിരി, പയ്യന്നൂര്‍ വത്സരാജ് തുടങ്ങിയവര്‍ എത്തും. പുല്ലാങ്കുഴല്‍വിദഗ്ധന്‍ ജെ.എ.ജയന്ത്, ഭരതനാട്യം കലാരംഗത്തെ പ്രസിദ്ധരായ ഷീല ഉണ്ണികൃഷ്ണന്‍, ബാല ഗുരുനാഥന്‍, കണ്ണൂര്‍ സര്‍വകലാശാല സംഗീതവിഭാഗത്തിലെ കലാകാരന്മാര്‍ തുടങ്ങിയവര്‍ നവരാത്രിസന്ധ്യകള്‍ സമ്പന്നമാക്കും. നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് വൈകിട്ട് ആറിന് ടി.വി.രാജേഷ് എം.എല്‍.എ. നിര്‍വഹിക്കും. സമാപനസമ്മേളനം 29ന് വൈകിട്ട് ആറിന് നടക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയർമാൻ മോഹനൻ പുറച്ചേരി , കൺവീനർ കെ.ശിവകുമാര്‍, എം.കെ.ഉണ്ണികൃഷ്ണന്‍, സി.കെ.ദിവാകരന്‍, ടി.എം.സത്യനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Top