എണ്ണ സംഭരണ പദ്ധതിക്കെതിരെ കോൺഗ്രസ്

പയ്യന്നൂർ ∙ കണ്ടങ്കാളിയിൽ സ്ഥാപിക്കുന്ന നിർദ്ദിഷ്ട എണ്ണ സംഭരണ പദ്ധതിക്കെതിരെ കോൺഗ്രസ് രംഗത്തിറങ്ങി. പദ്ധതിയെ കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന് നിർദേശം നൽകി. ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പയ്യന്നൂരിൽ സ്ഥാപിക്കുന്നതിനെതിരെ സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് പദ്ധതിയെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. കെ.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കണ്ടങ്കാളിയിലെ പദ്ധതി പ്രദേശം സന്ദർശിച്ചു പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു . ഏക്കർ കണക്കിനു കൃഷിഭൂമിയും കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് സംഘം ആവശ്യപ്പെട്ടു. ഏറ്റവും അടുത്ത ദിവസം തന്നെ റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് സമർപ്പിക്കുമെന്ന് കുഞ്ഞിക്കണ്ണൻ അറിയിച്ചു.

Leave a Reply

Top