പയ്യന്നൂരിൽ ഡെങ്കിപ്പനി പടരുന്നു

പയ്യന്നൂർ : പയ്യന്നൂരിലും പരിസരങ്ങളിലും ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. പനി തടയാൻ നഗരസഭയും ആരോഗ്യവകുപ്പും ഊർജിത ശ്രമവും നടത്തുന്നുണ്ടെന്നു പറയുമ്പോഴും പനിബാധിതരുടെ എണ്ണത്തിൽ ദിനം പ്രതി വർധന രേഖപ്പെടുത്തുകയാണ്. പയ്യന്നൂരിൽ അന്നൂർ മേഖലയിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശത്ത് ഏഴു പേർക്കു ഡെങ്കി ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 13 പേർ ഡെങ്കിപ്പനി ബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയിട്ടുണ്ട്.

എന്നാൽ പയ്യന്നൂർ മേഖലയിൽ പനി നിയന്ത്രണവിധേയമാണെന്ന് നഗരസഭയും ആരോഗ്യവകുപ്പും അറിയിച്ചു. കൊതുകുകളെ നശിപ്പിക്കാൻ വ്യാപകമായി ഫോഗിങ് നടന്നുവരുന്നു. കൗൺസിലർമാരുടെ നേതൃത്വത്തിൽ വീടുകൾ കയറി ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്. അതോടൊപ്പം കൊതുകുകൾ പെരുകുന്ന കേന്ദ്രങ്ങൾ കണ്ടെത്തി അവയെ നശിപ്പിക്കുന്ന പ്രവർത്തനവും നടന്നുവരുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 17ന് അന്നൂർ കേന്ദ്രീകരിച്ചു മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്.

രാമന്തളി പഞ്ചായത്തിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ പഞ്ചായത്തും ആരോഗ്യവകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹകരണം പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അവരും ഫോഗിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Top