കനിമധുരം -നാലാം വർഷത്തിലേക്ക്

പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ 2014 അന്താരാഷ്ട്ര പുരയിട കൃഷി വർഷത്തിൽ സി. കൃഷ്ണൻ എം.എൽ.എ നിയോജക മണ്ഡലത്തിൽ ആരംഭിച്ച കനിമധുരം പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുന്നു. നാലാം വർഷത്തെ മണ്ഡലതല ഉദ്ഘാടനം ജൂൺ 15 ന് മാതമംഗലത്ത് വെച്ച് കൃഷി വകുപ്പ് മന്ത്രി.വി.എസ് സുനിൽകുമാർ നിർവ്വഹിക്കും. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

വീട്ടുപറമ്പുകളിലും പൊതു ഇടങ്ങളിലും വിവിധ സംഘടനകൾ, വായനശാലകൾ, എന്നിവയുടെ ആഭിമുഖ്യത്തിൽ ഫല വൃക്ഷ തൈകളും,ഔഷധ സസ്യങ്ങളും വിതരണം ചെയ്ത് നട്ട് സംരക്ഷണം ഉറപ്പുവരുത്തുന്നു.പയ്യന്നൂർ നഗരസഭ ഉൾപ്പെടെ മണ്ഡല പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം നടത്തിയത്. കുറ്റ്യാട്ടൂർ, കുഞ്ഞിമംഗലം മാവ്, ഉറുമാമ്പഴം, പപ്പായ, സീതാപ്പഴം, മുരിങ്ങ, ചാമ്പ, നെല്ലി, പേര, കറിവേപ്പ്, ആര്യവേപ്പ്, നേന്ത്രവാഴഎന്നിവയുടെ തൈകളാണ് കനി മധുരം പദ്ധതിയാൽ തയ്യാറാക്കിയത്. സംസ്ഥാന കൃഷിവകുപ്പ് ,സോഷ്യൽ ഫോറസ്ട്രി, ഔഷധി, ഉൾപ്പെടെ സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങളും, നഗരസഭ, ഗ്രാമ പഞ്ചായത്തുകൾ വഴിയും കനി മധുരം നഴ്സറിയിലൂടെ തൈകൾ ഉൽപ്പാദിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 2,86,800 തൈകൾ ഇതിനകം വിതരണം ചെയ്തു.

ചെടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മോണിറ്ററിങ്ങ് കമ്മറ്റിയും പഞ്ചായത്ത്തല സംഘാടക സമിതികളും നിലവിലുണ്ട്. ഈ വർഷം പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ തൈകൾ നട്ടുവളർത്തുന്നതിനായി ക്ഷേത്രം, പള്ളി പരിസരങ്ങളിലും, കാവുകളിലേക്കും കനി മധുരം പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. മാത്തിൽ, മാതമംഗലം, കണ്ടോത്ത് പ്രദേശങ്ങളിൽ കനി മധുരം നഴ്സറികളിൽ വളർത്തിയ തൈകൾ വിതരണത്തിന് തയ്യാറായി.

Leave a Reply

Top