നൂറ്റാണ്ടു പിന്നിട്ട പെരുമ്പ ജിഎംയുപി സ്കൂളിന് സ്വന്തം കെട്ടിടം

പയ്യന്നൂര്‍ : 111 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള പെരുമ്പ ജിഎംയുപി സ്കൂളിന് സ്വന്തമായി ഒരുകെട്ടിടം എന്ന സ്വപ്നം അവസാനം യാഥാർഥ്യമായി . 1906-ല്‍ എലിമെന്ററി സ്കൂളായി ആരംഭിച്ച സ്ഥാപനം 1956ലാണ് ഗവ. മാപ്പിള യു പി സ്കൂളായത്. കെ.എസ്.ആർ.ടി.സി കോംപെക്‌സിനു മുട്ടി പെരുമ്പ മുസ്ളിം ജമാഅത്ത് കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു ഇതുവരെ സ്‌കൂൾ പ്രവർത്തിച്ചത്. കഴിഞ്ഞവര്‍ഷം ഒന്നാംക്ളാസില്‍ ഒരുകുട്ടി മാത്രമായിരുന്നു പ്രവേശനം തേടിയത് . ഈഅവസ്ഥക്ക് പരിഹാരം കാണണമെന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചിന്തയില്‍നിന്നാണ് പുതിയകെട്ടിടം വേണമെന്ന ആശയം ഉണ്ടായത്. പിഡബ്ള്യുഡിയുടെ കൈവശം ദേശീയപാതയുടെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന 79 സെന്റ് സ്ഥലം ജമാഅത്ത് കമ്മറ്റി വാങ്ങി നഗരസഭക്ക് കൈമാറി. തനതുഫണ്ടില്‍ നിന്നും ഒന്നേകാല്‍ക്കോടി ചിലവിട്ട് കെട്ടിടം നിര്‍മ്മിച്ചു. പൂര്‍വവിദ്യാര്‍ഥികളും സഹായിച്ചു. പ്രവേശനോത്സവത്തിന് മുന്നോടിയായി മൂന്നുമാസംനീളുന്ന സ്ക്വാഡ് പ്രവര്‍ത്തനംനടത്തി. അധ്യാപക-രക്ഷാകര്‍തൃ സമിതി, വികസന സമിതി, കുടുംബശ്രീ എന്നിവയുടെ സഹകരത്തോടെ നടത്തിയ പ്രവര്‍ത്തനം കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടക്കാന്‍ സഹായിച്ചു. 15 കുട്ടികള്‍ മാത്രമുണ്ടായിരുന്നിടത്ത് ഈ വര്‍ഷം 76 കുട്ടികള്‍. ഒന്നാം തരത്തില്‍ എട്ടും പ്രീ പ്രൈമറിയില്‍ 28 കുട്ടികളും പുതുതായി പ്രവേശനംനേടി. ആറുവരെയുള്ള ക്ളാസുകളിലും പുതിയ കുട്ടികളെത്തി. ഒന്നാംതരം ഒന്നാമതാക്കാന്‍ നാടു മുഴുവന്‍ കൈകോര്‍ത്തു. കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ അവസാനവാരം വിദ്യാഭ്യാസ മന്ത്രി നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വി ബാലന്‍ അധ്യക്ഷനായി.

Read more: http://www.deshabhimani.com/news/kerala/news-kannurkerala-02-06-2017/648122

Leave a Reply

Top