രാമന്തളി മാലിന്യ പ്ലാന്റ് വിരുദ്ധ സമരം അവസാനിച്ചു

പയ്യന്നൂർ: രാമന്തളിയിലെ കിണറുകൾ മലീനപെടുത്തുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നിൽ കഴിഞ്ഞ 85 ദിവസമായി നടത്തിവന്ന മാലിന്യ വിരുദ്ധ സമരം അവസാനിപ്പിച്ചു.സമരസമിതി ഭാരവാഹികളുമായി നേവൽ അധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.  സമരസ മിതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നേവൽ അധികൃതർ അംഗീകരിക്കുവാൻ തയ്യാറായതോടെയാണ് ജന ആരോഗ്യ സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചത്.  സമരപന്തലിൽ നിരാഹാര സമരം നടത്തിവന്ന കെ പി പരമേശ്വരിക്ക് കെ പി സി നാരായണ പൊതുവാൾ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. ചടങ്ങിൽ സതീശൻ പാച്ചേനി, കെ രഞ്ജിത്ത്, സത്യപ്രകാശ് തുടങ്ങിയവർ  പങ്കെടുത്തു.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയുടെ തുടർച്ചയായാണ് ഇന്നലെ രാവിലെ വീണ്ടും സമരസമിതി ഭാരവാഹികളുമായി നേവൽ അക്കാദമി കമാണ്ടന്റ് എസ് വി ബുഖാര ചർച്ച നടത്തിയത്. സമരസമിതി മുന്നോട്ട് വെച്ച ഡീ സെൻട്രെലൈസേഷൻ അടക്കമുള്ള നിർദ്ദേശങ്ങൾ നേവൽ അധികൃതർ അംഗീകരിക്കാൻ തയ്യാറായി.നിലവിലെ മാലിന്യ പ്ലാന്റിൽ എത്തുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന ഡീ സെൻട്രെലൈസേഷൻ പ്രവൃത്തി ആറു മുതൽ 8 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ചർച്ചയിൽ തീരുമാനമായി.മാലിന്യ വികേന്ദ്രീകരണ പ്രവൃത്തി പൂർത്തിയാകുന്നതുവരെ നിലവിലെ പ്ലാന്റിന്റെ പൈപ്പ് ലൈനിൽ ലീക്കേജ് തടയുവാൻ നവീകരണ പ്രവൃത്തികൾ നടത്തും.അകാദമിയുടെ രണ്ടാം ഘട്ട വികസന പ്രവൃത്തിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്നും മാറി കടലിനോട് ചേർന്ന് സ്ഥാപിക്കാനും തീരുമാനമായി.
സമരം അവസാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സമര പ്രവർത്തകർ രാമന്തളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.

Leave a Reply

Top