ബിജു വധം: രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു

പയ്യന്നൂർ : രാമന്തളി മണ്ഡലം ആർഎസ്എസ് കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകകേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരായ റിനേഷിനേയും ജ്യോതിഷിനേയും പയ്യന്നൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രധാന പ്രതി റിനേഷ് കൊലപാതകക്കേസ് ഉള്‍പ്പെടെ പതിനേഴുകേസുകളിലെ പ്രതിയാണ്. ബിജുവിന്റെ കൊലപാതകത്തിനു കാരണം പ്രതികളുടെ രാഷ്ട്രീയവിരോധമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ബിജുവിന്‍റെ കൊലപാതകമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ധനരാജ് വധക്കേസിലെ 12–ാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.

സി പിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റ് വിജയകുമാറാണ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി. അറസ്റ്റിലായ റിനേഷ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതിയാണെന്നും ജ്യോതിഷ് ഈ സംഘത്തിന് ദിശ കാണിച്ചുകൊടുത്ത പ്രതിയാണെന്നും പൊലീസ് അറിയിച്ചു. മറ്റു പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗത്തിൽ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്നും പൊലീസ് അറിയിച്ചു. കൊലപാതക സംഘം ഉപയോഗിച്ച കാർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.

 

Leave a Reply

Top