കൊലപാതകം ദൗർഭാഗ്യകരം; പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് ഇതൊന്നും തടസമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഈ സംഭവം കൂടുതൽ മോശമായ തലത്തിലേക്കു വളരാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യന്നൂർ:  ആർഎസ്എസിന്റെ രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സിഐ പി.കെ. സുധാകരനാണ് അന്വേഷണ ചുമതല. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് തുടങ്ങി. 11 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബിജെപി നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിലും കക്കംപാറയിലും പൊതു ദർശനത്തിനു വച്ചശേഷം രണ്ടു മണിയോടെ കക്കംപാറ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

Leave a Reply

Top