ആർ.എസ്.എസ് കാര്യവാഹക് കൊല്ലപ്പെട്ടു: കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ

പയ്യന്നൂർ: ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.   ഇന്നലെ വൈകിട്ട് 3.45ന് ആണു രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരിക്കാട്ട് ബിജു (34) അക്രമികളുടെ വെട്ടേറ്റു മരിച്ചത്. കക്കംപാറയിലെ പണ്ടാരവളപ്പിൽ പുരുഷോത്തമൻ–ചൂരിക്കാട് നാരായണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ബിജുവിന്റെ മൃതദേഹം ഇന്നു 12ന് പയ്യന്നൂരിലും ഒന്നിനു കക്കംപാറയിലും പൊതുദർശനത്തിനു വച്ച ശേഷം 1.30നു കക്കംപാറ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. സഹോദരങ്ങൾ: സുനിൽ, സുഭാഷ് (ദുബായ്), രതീഷ് (മസ്കത്ത്), ബിന്ദു.
പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കിൽ വരുമ്പോൾ, കാറിൽ പിന്തുടർന്നെത്തിയ സംഘം പാലക്കോട് പാലം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു വച്ചു വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിൽ സാരമായി പരുക്കേറ്റ ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് എത്തിയാണു മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. സിപിഎം പ്രവർത്തകനായ കുന്നരുവിലെ ധനരാജ് വധക്കേസിലെ 12–ാം പ്രതിയായിരുന്നു ബിജുവെന്നു പൊലീസ് അറിയിച്ചു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു. കൊലപാതകത്തിൽ പങ്കില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
2016 മേയ് മുതൽ ഒരു വർഷത്തിനിടെ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിൽ ഫെബ്രുവരി 14നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷി സമാധാന യോഗം ചേർന്നിരുന്നു. സംഘർഷരഹിത ജില്ലയായി കണ്ണൂരിനെ മാറ്റാനും സമാധാനത്തിനായി നേതൃത്വങ്ങൾ ഉണ്ടാക്കുന്ന ഉടമ്പടികൾ താഴെത്തട്ടിലെത്തിക്കാനും ആയിരുന്നു യോഗ തീരുമാനം. തിരുവനന്തപുരത്തു ബിജെപി– സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷമാണു കണ്ണൂരിൽ സർവകക്ഷി സമാധാന യോഗം നടന്നത്. ഈ യോഗത്തിനു ശേഷമുള്ള കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.
ഡിജിപി രാജേഷ് ദിവാൻ, ഐജി മഹിപാൽ യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Top