വിദ്യാർഥികളുടെ അടിവസ്ത്രം ഊരി പരിശോധന; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പരീക്ഷാ നിബന്ധനകളുടെ പേരിൽ പെൺകുട്ടികളുടെ അടിവസ്ത്രം ഉൾപ്പെടെ അഴിപ്പിച്ച് അവഹേളിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷൻ വ്യക്തമാക്കി. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുണ്ട്. സംഭവത്തിൽ സിബിഎസ്ഇയുടെ പ്രാദേശിക ഡയറക്ടറിൽനിന്നു വിശദീകരണവും തേടി.

കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വിവാദ സംഭവം അരങ്ങേറിയത്. രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് അധികൃതർ വിദ്യാർഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചത്. ഡ്രസ് കോഡ് വേണോയെന്ന് അപേക്ഷാ ഫോമില്‍ ചോദിച്ചിരുന്നെന്നും വേണ്ടെന്നാണു താൻ വ്യക്തമാക്കിയിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാൽ, രാവിലെ സ്കൂളിൽ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരീക്ഷാ ഹാളിനു പുറത്ത് ഡ്രസ് മുഴുവന്‍ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർഥിനി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

Leave a Reply

Top