പൂരക്കളി അക്കാദമി ഉദ്‌ഘാടനം ഏപ്രിൽ 30 ന്

പയ്യന്നൂർ : പൂരക്കളിയുടെ സമഗ്ര വികസനത്തിനായി സർക്കാർ രൂപീകരിച്ച കേരള പൂരക്കളി അക്കാദമി ഏപ്രിൽ 30 ന് ഉദ്‌ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവ്വഹിക്കും . രാവിലെ 9.30ന് പെരുമ്പയിൽ അക്കാദമി ഓഫിസ് മന്ത്രി ഉദ്ഘാടനം ചെയ്യും . ഡിടിപിസിയുടെ കെട്ടിടത്തിൽ താൽക്കാലിക സംവിധാനത്തിലാണ് ഓഫിസ് പ്രവർത്തിക്കുക. വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം അക്കാദമിക്ക് ആധുനിക രീതിയിലുള്ള കെട്ടിടം നിർമിക്കുന്നതിന് സൗജന്യമായി സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ പണം നീക്കിവച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാർ പയ്യന്നൂർ കേന്ദ്രമായി പൂരക്കളി അക്കാദമി പ്രഖ്യാപിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ അക്കാദമി പൂർണതയിലെത്തിക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സി.കൃഷ്ണൻ എംഎൽഎ ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അക്കാദമി യാഥാർഥ്യമാക്കുകയും ചെയ്തു. ഡോ.സി.എച്ച്.സുരേന്ദ്രൻ നമ്പ്യാർ ചെയർമാനും കെ.വി.മോഹനൻ സെക്രട്ടറിയുമായി ഭരണ സമിതി നിലവിൽ വന്നു. പി.കരുണാകരൻ എംപി, സി.കൃഷ്ണൻ എംഎൽഎ, പയ്യന്നൂർ നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ എന്നീ ജനപ്രതിനിധികളും പൂരക്കളി രംഗത്തെ പ്രശസ്തരായ കലാകാരന്മാരെയും ഉൾപ്പെടുത്തിയാണ് ഭരണസമിതിക്ക് രൂപം നൽകിയത്. ഉദ്ഘാടന ചടങ്ങിൽ സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.

തുടർന്ന് ആലപ്പടമ്പ് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പൂരക്കളി അരങ്ങേറും. 11.15ന് സംഘസംവാദം നടക്കും. രാജേഷ് പണിക്കർ അണ്ടോൾ, പി.സന്തോഷ് പണിക്കർ മണിയറ, ടി.പി.ബാബു പണിക്കർ കാനായി, പി.ടി.മോഹനൻ പണിക്കർ കൊടക്കാട് എന്നിവർ സംവാദത്തിൽ പങ്കെടുക്കും. 12.30ന് കുഞ്ഞിമംഗലം വടക്കൻകൊവ്വൽ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെയും പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെയും നീലേശ്വരം അങ്കക്കളരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം പൂരക്കളി സംഘത്തിന്റെയും കാടങ്കോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെയും തുരുത്തി നെല്ലിക്കതുരുത്തി കഴകം നീലമംഗലത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെയും അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവ് പൂരക്കളി സംഘത്തിന്റെയും പൂരക്കളി അരങ്ങേറും.

നാലിന് പിലിക്കോട് പി.പി.മാധവൻ പണിക്കരും കാഞ്ഞങ്ങാട് പി.ദാമോദരൻ പണിക്കരും തമ്മിലുള്ള മറത്തുകളി നടക്കും. തുടർന്ന് സമാപന സമ്മേളനം നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. എൻ.കൃഷ്ണൻ അധ്യക്ഷത വഹിക്കും. ഫോക്‌ലോർ അക്കാദമിയുടെ കലാപരിപാടികളും അരങ്ങേറും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ശശി വട്ടക്കൊവ്വൽ, ജനറൽ കൺവീനർ വി.ഇ.രാഗേഷ്, അക്കാദമി ചെയർമാൻ ഡോ.സി.എച്ച്.സുരേന്ദ്രൻ നമ്പ്യാർ, സെക്രട്ടറി കെ.വി.മോഹനൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ അറിയിച്ചു.

Leave a Reply

Top